മാർപാപ്പയെ സുഖപ്പെടുത്തിയ മാലാഖ; നഴ്‌സ് മാസിമിലിയാനോ സ്‌ട്രാപ്പെറ്റിയെ അറിയാം

മാർപാപ്പയെ സുഖപ്പെടുത്തിയ മാലാഖ; നഴ്‌സ് മാസിമിലിയാനോ സ്‌ട്രാപ്പെറ്റിയെ അറിയാം

വത്തിക്കാൻ സിറ്റി: അഞ്ച് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം മാർപാപ്പ വിശ്വാസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഏവരുടെയും ശ്രദ്ധ ആഘർഷിച്ച മറ്റൊരു വ്യക്തിയാണ് പാപ്പക്ക് മുന്നിലേക്ക് മൈക്ക് നീട്ടിയ നഴ്‌സ് മാസിമിലിയാനോ സ്‌ട്രാപ്പെറ്റി. ഹ്രസ്വമായ സംഭാഷണങ്ങളിലൂടെ മാർപാപ്പക്ക് സംസാരിക്കാൻ സാധിക്കുമെന്ന് ആദ്യം അദേഹം ഉറപ്പാക്കി. പിന്നാലെ പാപ്പക്ക് മുന്നിലേക്ക് മൈക്ക് നീട്ടി.

2022 ആഗസ്റ്റ് നാലിനാണ് മാസിമിലിയാനോ സ്‌ട്രാപ്പെറ്റിയെ മാർപാപ്പ വ്യക്തി​ഗത സഹായിയായി നിയമിച്ചത്. വത്തിക്കാന്റെ മെഡിക്കല്‍ സംഘത്തില്‍ നേരത്തെ മുതല്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദേഹം. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയെയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെയും മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുമുണ്ട്. അനുഭവസമ്പത്തും അർപ്പണബോധവും മാസിമിലിയാനോ സ്‌ട്രാപ്പെറ്റിയെ വത്തിക്കാനിലെ വിശ്വസ്ത വ്യക്തിയാക്കി.

റോമിലെ ജെമെല്ലി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എട്ട് വർഷം സേവനമനുഷ്ഠിച്ച ശേഷം 54 വയസുള്ള നഴ്‌സ് 2002 മുതൽ വത്തിക്കാനിൽ ജോലി ചെയ്യുന്നുണ്ട്. വത്തിക്കാൻ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ നഴ്‌സുമാരുടെ കോർഡിനേറ്ററായി അദ്ദേഹം സേവനമനുഷ്ഠിക്കുകയും ഭവനരഹിതർക്കായുള്ള വത്തിക്കാന്റെ മെഡിക്കൽ ചാരിറ്റിയിൽ സജീവ പങ്കുവഹിക്കുകയും ചെയ്തിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയെന്ന ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരിയുടെ വെളിപ്പെടുത്തലും വിശ്വാസികളെ ഞെട്ടിച്ചിരുന്നു. 'എല്ലാ വഴിക്കും ശ്രമിക്കൂ, കൈവിടരുത്' എന്ന് മാസിമിലിയാനോ സ്ട്രാപ്പെറ്റി സന്ദേശമയച്ചതോടെ സാധ്യമായ സകല ചികിത്സകളും മരുന്നുകളും പരീക്ഷിച്ചെന്നും ഡോക്ടർ വെളിപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 14നാണ് മാര്‍പാപ്പയെ റോമിലെ ജെമെലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ആശുപത്രി വിട്ട മാര്‍പാപ്പയ്ക്ക് രണ്ട് മാസത്തെ പരിപൂര്‍ണ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.