മലപ്പുറത്ത് ലഹരി സംഘത്തിലെ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ; കടുത്ത ആശങ്ക: കുടുംബാംഗങ്ങളെ പരിശോധിക്കുന്നു

മലപ്പുറത്ത് ലഹരി സംഘത്തിലെ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ;  കടുത്ത ആശങ്ക:  കുടുംബാംഗങ്ങളെ പരിശോധിക്കുന്നു

മലപ്പുറം: ലഹരി സംഘത്തില്‍പ്പെട്ടവര്‍ക്ക് എച്ച്‌ഐവി രോഗ ബാധ. മലപ്പുറം ജില്ലയിലെ വളാഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി സംഘത്തിലുള്ള പത്ത് പേര്‍ക്കാണ് മലപ്പുറം ഡിഎംഒ രോഗ ബാധ് സ്ഥിരീകരിച്ചത്.

സംഘത്തിലെ മൂന്ന് പേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗ ബാധയ്ക്ക് ഇടയാക്കിയതെന്നാണ് കരുതുന്നത്.

രണ്ടുമാസം മുമ്പ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വന്നത്. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കിടയിലാണ് സ്‌ക്രീനിങ് നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

സ്‌ക്രീനിംഗിന്റെ തുടക്കത്തില്‍ വളാഞ്ചേരിയിലെ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട സംഘങ്ങളെക്കുറിച്ച് അന്വേഷിക്കുകയും അവരെ പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

പത്ത് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ പേരെ ആരോഗ്യ വകുപ്പ് സ്‌ക്രീനിങ് നടത്തുകയാണ്. ഇതില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുമോ എന്ന ആശങ്കയുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് എച്ച്‌ഐവി സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, രക്തം ഉള്‍പ്പടെയുളള ശരീര സ്രവവങ്ങളിലൂടെയും എച്ച്‌ഐവി പകരാം. സിറിഞ്ച്, ബ്ലേഡുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ പങ്കിടുന്നതിലൂടെ എളുപ്പത്തില്‍ അനുബാധ ഉണ്ടാകാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.