മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക വാഹനത്തിന് തീപിടിച്ചു. ലുബിയങ്കയിലെ എഫ്എസ്ബി ആസ്ഥാനത്തിന് സമീപത്താണ് സംഭവം.
കാറില്‍ തീ ആളി പടരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. കനത്ത പുക കാറില്‍ നിന്നുയരുന്നതും പ്രദേശത്തുള്ളവര്‍ തീ അണക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പുടിന്റെ ഓറസ് സെനറ്റ് ലിമോസിന്‍ എന്ന ആഡംബര വാഹനത്തില്‍ പൊട്ടിത്തെറിയുണ്ടാവുകയും പിന്നാലെ തീ പിടിക്കുകയുമായിരുന്നുവെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
എഞ്ചിനിലാണ് ആദ്യമായി തീ പടര്‍ന്നു പിടിച്ചത്. അഗ്‌നിശമനാ സേന എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തെ റസ്‌റ്റോറന്റുകളിലെ ആളുകള്‍ എത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു.
സംഭവ സമയത്ത് കാറിനുളളില്‍ ആരെല്ലാമായിരുന്നു ഉണ്ടായിരുന്നത് എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പുടിന്‍ കാറില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല.
റഷ്യന്‍ നിര്‍മിത ഓറസ് വാഹനങ്ങളാണ് പുടിന്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ ഉത്തര കൊറിയയുടെ കിം ജോങ് ഉന്‍ ഉള്‍പ്പടെയുളള വിദേശ നേതാക്കള്‍ക്ക് അദേഹം സമ്മാനിക്കുകയും ചെയ്തിരുന്നു.
ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനമാണ് ലിമോസിന്‍. വന്‍ സുരക്ഷാ സംവിധാനങ്ങളുള്ള കാര്‍ അപകടത്തില്‍പ്പെട്ടത് സംബന്ധിച്ച് ദുരുഹത നിലനില്‍ക്കുന്നുണ്ട്.
മാത്രമല്ല, ഇത് റഷ്യന്‍ പ്രസിഡന്റിന് നേരെയുണ്ടായ വധ ശ്രമമാണോ എന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.