കോഴിക്കോട്: യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗുമായുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ച പൂര്‍ത്തിയായി. നിയമസഭ തിരഞ്ഞെടുപ്പില്‍ ലീഗിന് മൂന്ന് സീറ്റുകള്‍ കൂടി നല്‍കും. ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര സീറ്റുകളാണ് കൂടുതലായി നല്‍കുക. ഇതോടെ ലീഗ് 27 സീറ്റുകളില്‍ മത്സരിക്കും.
നേരത്തെ ലീഗില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത മണ്ഡലങ്ങളാണ് ബേപ്പൂരും കൂത്തുപറമ്പും. രണ്ട് സീറ്റുകള്‍ വച്ചുമാറാനും ധാരണയായി. പുനലൂരും ചടയമംഗലവും, ബാലുശ്ശേരിയും കുന്ദമംഗലവും തമ്മില്‍ വച്ചുമാറും. കഴിഞ്ഞ തവണ മുസ്ലീം ലീഗ് 24 സീറ്റുകളിലാണ് മത്സരിച്ചത്.
തിരുവമ്പാടി സീറ്റ് വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ലീഗ് നേതൃത്വം അംഗീകരിച്ചില്ല. മുന്നണിക്കകത്ത് തര്‍ക്കം വേണ്ടെന്ന തീരുമാനത്തില്‍ അവസാനം കോണ്‍ഗ്രസ് ലീഗിന് സീറ്റ് വിട്ടുനല്‍കുകയായിരുന്നു. ലീഗ് സീറ്റ് ഉറപ്പിച്ചതോടെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും താമരശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചത്.
സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായതോടെ ലീഗില്‍ സീറ്റ് വിഭജന ചര്‍ച്ചയും ഊര്‍ജിതമായി. സ്ഥിരം സ്ഥാനാര്‍ത്ഥികളെ മാറ്റി യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഇടഞ്ഞു നില്‍ക്കുന്ന യൂത്ത് ലീഗിനെ മെരുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.