ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ജെഡിയു, ടിഡിപി, എല്‍ജെപി, ആര്‍എല്‍ഡി പാര്‍ട്ടികള്‍ സമ്മര്‍ദത്തിലാണ്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് ആദ്യത്തെ അഗ്നിപരീക്ഷ. ബില്ലിനെ നിതീഷ് കുമാര്‍ പിന്തുണച്ചാല്‍ 17.6 ശതമാനം മുസ്ലീം സാന്നിധ്യമുള്ള ബിഹാറില്‍ ജെഡിയുവിന്റെ മുസ്ലിം വോട്ടുബാങ്കില്‍ വിള്ളല്‍വീഴാന്‍ ഇടയുണ്ട്.
ബില്ലിനെ എതിര്‍ക്കുന്നവര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് എന്‍ഡിഎ ഘടകകക്ഷികളിലാണ്. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍, ചിരാഗ് പാസ്വാന്‍, ജയന്ത് ചൗധരി എന്നിവര്‍ പറഞ്ഞാല്‍ ബില്‍ കൊണ്ടുവരില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുസ്ലീം പേഴ്‌സണല്‍ ലാ ബോര്‍ഡ് നേതാക്കള്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് രഞ്ജന്‍ സിങ് ബില്ലിനെ ആദ്യം പിന്തുണച്ചെങ്കിലും പ്രാദേശിക രാഷ്ട്രീയം തിരിച്ചറിഞ്ഞ് ജെഡിയു നിലപാട് മാറ്റിയിരുന്നു. മുസ്ലീങളുടെ താല്‍പര്യം ഉള്‍ക്കൊണ്ടുമാത്രമേ ബില്ലുമായി മുന്നോട്ടുപോകാവൂ എന്ന സമീപനം സ്വീകരിച്ചു. മുസ്ലീം വോട്ട് നിര്‍ണായകമായ ആന്ധ്രയില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ആശയക്കുഴപ്പത്തിലാണ്.
അതേസമയം ബില്ലിനെ പിന്തുണച്ച് പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നത് കേന്ദ്ര സര്‍ക്കാരിന് നേട്ടമായി. നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളോടും പാര്‍ലമെന്റ് അംഗങ്ങളോടും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അഭ്യര്‍ഥിച്ചു.
നിലവിലെ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനയോട് ചേര്‍ന്നു പോകുന്നതല്ലെന്നും മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരത്തിന് ഭേദഗതി വേണമെന്നും സിബിസിഐ അഭിപ്രായപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ഞായറാഴ്ച കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ എഴുതിയ കത്തിനെ സ്വാഗതം ചെയ്ത് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തിയിരുന്നു.
അതേസമയം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച വഖഫ് നിയമ ഭേദഗതി ബില്ല് കേരളത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കും തുടക്കമിട്ടേക്കും. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുന്നത്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കും എന്നിരിക്കെ, കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ബില്ലിനെ എതിര്‍ക്കുമെന്ന് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാല്‍ വഖഫ് ബില്ലിനെ പിന്തുണയ്ച്ച് കൊണ്ട് സംസ്ഥാനത്തെ ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ മധ്യ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടി വിഷയം മാറ്റിയെഴുതിയേക്കും എന്ന നിലയിലാണ് ചര്‍ച്ചകള്‍. വഖഫ് ഭേദഗതി ബില്ലില്‍ കേരള കത്തോലിക്കാ ബിഷപ്പ് കൗണ്‍സില്‍ സ്വീകരിച്ച നിലപാടാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുന്നത്. ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്യണമെന്ന് കെസിബിസി പരസ്യമായി കേരളത്തില്‍ നിന്നുള്ള എംപിമാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ നിലപാട് യുഡിഎഫിന്റെ ഭാഗമായ പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തുള്ള കേരള കോണ്‍ഗ്രസ് എമ്മിനെയും നേരിട്ട് പ്രതിസന്ധിയിലാക്കുന്നതാണ്.
ഒന്നുകില്‍ മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുക, അല്ലെങ്കില്‍ സഭയുടെ നിലപാടിന് ഒപ്പം നില്‍ക്കുക. തിരഞ്ഞെടുപ്പ് കാലം മുന്നിലുള്ളപ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന നിര്‍ണായകമായ ഒരു വിഷയത്തില്‍ തീരുമാനം എടുക്കാനാകാത്ത അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍. സഭ മുന്നോട്ട് വയ്ക്കുന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുന്നത് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല എന്നതിനാല്‍ കെസിബിസിയുടെ ആഹ്വാനത്തില്‍ ഈ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാട് ഏറെ പ്രധാനമാണ്.
കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബില്ലിനെ പിന്തുണയ്ക്കണം എന്ന കെസിബിസിയുടെ ആഹ്വാനം ഇതിനോടകം ബിജെപി നേതാക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍ വിഷയത്തില്‍ വ്യക്തമായ ഒരു പ്രതികരണത്തിന് കേരള കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. വഖഫ് ബില്ലിന്റെ പൂര്‍ണചിത്രം വ്യക്തമായ ശേഷം മാത്രമാണ് പ്രതികരണം എന്നാണ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാ എംപിയുമായ ജോസ് കെ. മാണിയുടെ നിലപാട്.
സമാനമായ നിലപാടായിരുന്നു വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കോട്ടയം എംപിയും കേരള കോണ്‍ഗ്രസ് (ജോസഫ്) ഡെപ്യൂട്ടി ചെയര്‍മാനുമായ കെ. ഫ്രാന്‍സിസ് ജോര്‍ജ് സ്വീകരിച്ചത്. ബില്‍ ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിയുടെ (ജെ.പി.സി) ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുമെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.