എഐസിസി സമ്മേളനത്തിന് അഹമ്മദാബാദില്‍ തുടക്കമായി; രാജ്യം ബാലറ്റിലേക്ക് മടങ്ങണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

എഐസിസി സമ്മേളനത്തിന് അഹമ്മദാബാദില്‍ തുടക്കമായി; രാജ്യം ബാലറ്റിലേക്ക് മടങ്ങണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ


'ബിജെപി മഹാരാഷ്ട്രയും ഹരിയാനയും ജയിച്ചത് തട്ടിപ്പിലൂടെ; ബാലറ്റ് പേപ്പര്‍ വേണമെന്ന് രാജ്യത്തെ യുവാക്കള്‍ ആവശ്യപ്പെടുന്ന കാലം വിദൂരമല്ല'.

അഹമ്മദാബാദ്: തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന്‍ ഒഴിവാക്കണമെന്നും പഴയ രീതിയിലുള്ള ബാലറ്റിലേക്ക് രാജ്യം മടങ്ങണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് ബിജെപി ജയം നേടിയതെന്നും അദേഹം കുറ്റപ്പെടുത്തി.

അഹമ്മദാബാദില്‍ എഐസിസി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പതാക ഉയര്‍ത്തിയതോടെ 84-ാം എഐസിസി സമ്മേളനത്തിന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി തീരത്ത് തുടക്കമായി.

ലോകം മുഴുവന്‍ ഇവിഎമ്മുകളില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക് മാറുകയാണ്, പക്ഷേ നമ്മള്‍ ഇവിഎമ്മുകള്‍ ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണ്. ഭരണ കക്ഷിക്ക് അനുകൂലമാകുന്ന രീതിയിലും പ്രതിപക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ സാങ്കേതിക വിദ്യകള്‍ അവര്‍ കണ്ടു പിടിച്ചിട്ടുണ്ട്.

ഈ രാജ്യത്തെ യുവാക്കള്‍ ബാലറ്റ് പേപ്പര്‍ വേണമെന്ന് ആവശ്യപ്പെടുന്ന കാലം വിദൂരമല്ല. 'ഇവിഎം തട്ടിപ്പ്' കോണ്‍ഗ്രസ് എല്ലായിടത്തും പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ചു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വെറും തട്ടിപ്പായിരുന്നു. ഹരിയാനയിലും ഇതാവര്‍ത്തിച്ചു. ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതാണ്. കള്ളങ്ങളെല്ലാം ഒരുനാള്‍ പൊളിഞ്ഞു വീഴുമെന്നും അദേഹം പറഞ്ഞു


ജനാധിപത്യം, ഭരണഘടന എന്നിവയെല്ലാം അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവയെ സംരക്ഷിക്കാനായി പോരാടേണ്ടതുണ്ട്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് നടത്തിയത്. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

യുഎസ് താരിഫുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിച്ചില്ല. പ്രധാനമന്ത്രി സുഹൃത്തുക്കളായ കുത്തകള്‍ക്ക് രാജ്യത്തെ വിഭവങ്ങള്‍ കൈമാറുകയാണ്. എസ്.സി-എസ്.ടി, ഒബിസി സംവരണം ഇല്ലാതാക്കുന്നു. ഈ ഭരണം തുടര്‍ന്നാല്‍ രാജ്യം മുഴുവന്‍ സുഹൃത്തുക്കളായ മുതലാളിമാര്‍ക്ക് വിറ്റു.തീര്‍ക്കുമെന്ന് അദേഹം പറഞ്ഞു.

സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കുന്നതിനായി അര്‍എസ്എസും ബിജെപിയും 500 വര്‍ഷം പഴക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണ്. പ്രധാനമന്ത്രി അത്തരം വിഷയങ്ങളില്‍ തീ കൊളുത്തുമ്പോള്‍ ആര്‍എസ്എസ് അതില്‍ എണ്ണയൊഴിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിനെയും എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചതിനെരയും ഖാര്‍ഗെ വിമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.