ന്യൂഡല്‍ഹി: നാവിക സേനയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനായി ഫ്രാന്‍സില്‍ നിന്ന് 26 റഫാല്‍ എം യുദ്ധ വിമാനങ്ങള്‍ കൂടി ഇന്ത്യ വാങ്ങും. ഇതിനായി 64,000 കോടിയുടെ ഇടപാടിന് കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി.
നാവിക സേനയുടെ ഐ.എന്‍.എസ് വിക്രമാദിത്യ, ഐ.എന്‍.എസ് വിക്രാന്ത് എന്നിവയില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാനാവുന്ന 26 മറൈന്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനാണ് തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇടപാടുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ മാര്‍ച്ച് പകുതിയോടെ പൂര്‍ത്തിയായിരുന്നു. ഇതുസംബന്ധിച്ച കരാര്‍ ഈ മാസം ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യന്‍ ലെക്കോര്‍ണോ ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ ഒപ്പിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ ഒപ്പിട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ നിര്‍മിച്ച് നല്‍കണമെന്നായിരിക്കും വ്യവസ്ഥ.
ലോകത്തിലെ ഏറ്റവും നൂതനമായ നാവിക യുദ്ധ വിമാനങ്ങളില്‍ ഒന്നായാണ് റഫാല്‍ എം കണക്കാക്കപ്പെടുന്നത്. കാരിയര്‍ വിമാനങ്ങള്‍ക്ക് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന സഫ്രാന്‍ ഗ്രൂപ്പിന്റെ ലാന്‍ഡിങ് ഗിയറുകള്‍ ആണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.
കൂടാതെ കഠിനമായ സാഹചര്യങ്ങള്‍, ഡെക്ക് ലാന്‍ഡിങ്, ടെയില്‍ ഹുക്കുകള്‍ എന്നിവയെ നേരിടാന്‍ ശക്തിപ്പെടുത്തിയ അണ്ടര്‍ കാരേജുകളും ഇതില്‍ ഉണ്ട്. മടക്കാവുന്ന ചിറകുകള്‍ മറ്റൊരു പ്രത്യേകതയാണ്.
പുതിയ റഫാല്‍ എം വിമാനങ്ങള്‍ നാവിക സേനയ്‌ക്കൊപ്പം വ്യോമ സേനയുടെ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഇതില്‍ 'ബഡ്ഡി-ബഡ്ഡി' ഏരിയല്‍ റീഫ്യുവലിങ് സിസ്റ്റം നവീകരിക്കുന്ന സംവിധാനവും ഉണ്ട്. അതുവഴി ഇന്ധനം നിറയ്ക്കുന്ന പോഡ് ഘടിപ്പിച്ച ഒരു ജെറ്റിന് മറ്റൊരു ജെറ്റിന്റെ ഇന്ധന ടാങ്കറായി പ്രവര്‍ത്തിക്കാനും സാധിക്കും. ഇത് സൈനികര്‍ക്ക് കൂടുതല്‍ സമയം പറക്കാന്‍ സഹായകരമാകും.
22 സിംഗിള്‍ സീറ്റ് റഫാല്‍ എം യുദ്ധവിമാനങ്ങളും നാല് ഇരട്ട സീറ്റ് റഫാല്‍ ബി ട്രെയിനര്‍ വിമാനങ്ങളുമാണ് കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് ഫ്രാന്‍സ് നല്‍കുക. പൈലറ്റുമാര്‍ക്ക് പരിശീലനം, അനുബന്ധ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണിക്കുള്ള സഹായം, റഫാല്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ഹളും കരാറിലുണ്ടാകുമെന്നാണ് സൂചന.
നേരത്തെ വ്യോമ സേനയ്ക്ക് വേണ്ടി 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. അംബാലയിലെയും ഹാഷിമാരയിലെയും വ്യോമ താവളങ്ങളിലാണ് ഇവ ഇപ്പോഴുള്ളത്. ഇതിന് ശേഷം ഫ്രാന്‍സുമായി ഇന്ത്യ നടത്തുന്ന രണ്ടാമത്തെ വലിയ കരാറാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.