താരിഫ് പോര് വീണ്ടും മുറുകുന്നു; തീരുവ 245 ശതമാനമാക്കി വര്‍ധിപ്പിച്ച് ട്രംപ് ഭരണകൂടം: ഭയക്കില്ലെന്നും പോരാടുമെന്നും ചൈന

താരിഫ് പോര് വീണ്ടും മുറുകുന്നു; തീരുവ 245 ശതമാനമാക്കി വര്‍ധിപ്പിച്ച് ട്രംപ് ഭരണകൂടം: ഭയക്കില്ലെന്നും പോരാടുമെന്നും ചൈന

വാഷിങ്ടണ്‍: പകരച്ചുങ്കത്തില്‍ അമേരിക്ക-ചൈന യുദ്ധം വീണ്ടും മുറുകുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ട്രംപ് ഭരണകൂടം 245 ശതമാനം വരെയാക്കി വര്‍ധിപ്പിച്ചു. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കെതിരെ പകരച്ചുങ്കം ഏര്‍പ്പെടുത്തിയതിന് മറുപടിയായാണ് ചൈനയ്ക്കുള്ള തീരുവ വീണ്ടും കൂട്ടിയത്.

കഴിഞ്ഞ ദിവസമാണ് ട്രംപ് ഭരണകൂടം ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 145 ശതമാനം വരെ നികുതി വര്‍ധിപ്പിച്ചത്. ഇതിന് തിരിച്ചടിയായി അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ മേല്‍ ചൈനയും 145 ശതമാനം നികുതി ചുമത്തുകയും പല അമേരിക്കന്‍ കമ്പനികള്‍ക്കു മേലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ചൈനീസ് വ്യോമയാന കമ്പനികളോട് അമേരിക്കന്‍ കമ്പനിയായ ബോയിങില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതിനോടുള്ള പ്രതികരണമാണ് ഇപ്പോഴത്തെ വന്‍ നികുതി വര്‍ധന. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി പ്രഖ്യാപിച്ചതോടെ 75 രാജ്യങ്ങള്‍ അമേരിക്കയുമായി വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ക്ക് സന്നദ്ധമായി.

ഈ രാജ്യങ്ങള്‍ക്ക് അധിക നികുതി ചുമത്തല്‍ നടപ്പാക്കുന്നത് 90 ദിവസത്തേക്ക് ട്രംപ് നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തി ചര്‍ച്ചക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്.

യു.എസ്-ചൈന വ്യാപാര യുദ്ധത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക്, പന്ത് ഇപ്പോള്‍ ചൈനയുടെ കോര്‍ട്ടിലാണ് എന്നാണ് വൈറ്റ് ഹൗസ് മറുപടി നല്‍കിയത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മണിക്കുറുകള്‍ക്കകമാണ് 245 ശതമാനം നികുതി പ്രഖ്യാപനം വന്നത്.

പന്തിപ്പോള്‍ ചൈനയുടെ കോര്‍ട്ടിലാണ്. ഞങ്ങളുമായി വ്യാപാര കരാറുണ്ടാക്കേണ്ടത് അവരുടെ ആവശ്യമാണ്. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് പറഞ്ഞത്.

അതേസമയം അമേരിക്കയുടെ വ്യാപാര യുദ്ധത്തിന് മറുപടി നല്‍കുമെന്ന് ചൈന വ്യക്തമാക്കി കഴിഞ്ഞു. വ്യാപാര യുദ്ധത്തില്‍ ഭയക്കില്ലെന്നും പോരാടുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ചൈനയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനാണ് യു.എസ് ആഗ്രഹിക്കുന്നതെങ്കില്‍ ഭീഷണിയും സമ്മര്‍ദ്ദം ചെലുത്തുന്നതും നിര്‍ത്തുകയാണ് വേണ്ടത്. തുല്യതയിലും പരസ്പരം ബഹുമാനത്തിലും വേണം ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.