ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈവേകളില്‍ ടോള്‍ പിരിവിനായി നിലവില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗ് സംവിധാനത്തില്‍ മാറ്റം വരുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഫാസ്റ്റാഗ് സംവിധാനത്തിന് പകരം മെയ് ഒന്ന് മുതല്‍ ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനം നടപ്പാക്കുമെന്ന വാര്‍ത്തകളാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിഷേധിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പുതിയ ടോള്‍ നയം നടപ്പാക്കുമെന്ന ഗഡ്കരിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
എന്നാല്‍, ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനമല്ല. മറിച്ച് തടസരഹിതമായ യാത്രകള്‍ ഉറപ്പാക്കുന്നതിനായി എഎന്‍പിആര്‍-ഫാസ്റ്റാഗ് സംവിധാനമായിരിക്കിക്കും രാജ്യത്തുടനീളമുള്ള ടോള്‍ പ്ലാസകളില്‍ നടപ്പാക്കുകയെന്നാണ് ദേശിയപാത അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിലവിലെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനത്തോടെയുള്ള ഫാസ്റ്റാഗിനൊപ്പം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗനീഷന്‍ (എഎന്‍പിആര്‍) സാങ്കേതിക വിദ്യയും ടോള്‍ പിരിവിന് ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം
ഇതിനായി ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുള്ള എഎന്‍പിആര്‍ ക്യാമറകളും ഫാസ്റ്റാഗ് റീഡറുകളും ഉപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ ടോള്‍ തുക ഈടാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ സംവിധാനത്തില്‍ ടോള്‍ നല്‍കാത്ത വാഹന ഉടമകള്‍ക്ക് നിയമലംഘനം ചൂണ്ടിക്കാട്ടിയുള്ള ഇ-ചെല്ലാനുകളും നല്‍കും. പിഴയൊടുക്കാത്ത നിയമലംഘകരുടെ ഫാസ്റ്റാഗ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ തിരഞ്ഞെടുത്ത ഏതാനും ടോള്‍ പ്ലാസകളില്‍ എഎന്‍പിആര്‍-ഫാസ്റ്റാഗ് സംവിധാനം ഒരുക്കുന്നതിനായി ഗതാഗത മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിക്കുന്ന ടോള്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനവും കാര്യക്ഷമതയും വിലയിരുത്തിയ ശേഷം രാജ്യത്തെ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഈ സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്. ഏതൊക്കെ ടോള്‍ പ്ലാസകളിലാണ് ആദ്യം ഈ സംവിധാനം ഒരുക്കുന്നതെന്ന് വ്യക്തമല്ല.
ജിപിഎസ് അധിഷ്ഠിത ടോള്‍ സംവിധാനം നടപ്പാക്കുമെന്ന് മുമ്പുതന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതാണ് ജിപിഎസ് ടോള്‍ സംവിധാനത്തിലൂടെ വാഹന ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടം. വാഹനത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ഓണ്‍ ബോര്‍ഡ് ജിപിഎസ് ഡിവൈസിനെ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റത്തിലൂടെ (ജിഎന്‍എസ്എസ്) നിരീക്ഷിച്ചായിരിക്കും വാഹനം എത്ര ദൂരം ടോള്‍ നല്‍കേണ്ട റോഡ് ഉപയോഗിച്ചുവെന്ന് കണ്ടെത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.