പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയുടെ ദുഖവെള്ളി ആചരണത്തിന് ഫാ. അജിത്ത് ചെറിയേക്കര മുഖ്യകാർമ്മികത്വം വഹിക്കുന്നു (ഫോട്ടോ ബിജു പെർത്ത്)
മെൽബൺ: ദുഖവെള്ളിയാഴ്ച വിപുലമായി ആചരിച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയയിലുടനീളം ദേവാലയങ്ങളിൽ വൻജനാവലി തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. മെൽബൺ, പെർത്ത്, സിഡ്നി,കാൻബറ, അഡ്മെയ്ഡ്, ബ്രിസ്ബൻ തുടങ്ങിയ എല്ലാ നഗരഹൃദയങ്ങളിലും കുരിശിന്റെ വഴിയും പ്രദിക്ഷണവും നടന്നു.
പെർത്തിലെ കിംഗ്ഡം സിറ്റി ചർച്ചിന്റെ നേതൃത്വത്തിൽ സ്വാൻ നദിയിൽ 500 ലധികം ആളുകൾ ഒരുമിച്ച് മാമോദീസ സ്വീകരിച്ചത് ദുഖവെള്ളിയാഴ്ച ദിനത്തെ ശ്രദ്ധേയമാക്കി മാറ്റി. ഡാൻസും നൃത്തവുമടക്കം വിപുലമായ ചടങ്ങുകളോടെയാണ് പ്രായപൂർത്തിയായ ആളുകളുടെ കൂട്ട മാമോദീസ നടന്നത്. ഓസ്ട്രേലിയയിലെ മാധ്യമങ്ങൾ എല്ലാം വളരെ പ്രാധാന്യത്തോടെയാണ് കൂട്ട മാമോദീസയുടെ വാർത്ത നൽകിയതും.
ദുഖവെള്ളി തിരുക്കർമ്മങ്ങൾക്ക് മാർ ജോൺ പനന്തോട്ടത്തിൽ മുഖ്യകാർമ്മികത്വം വഹിക്കുന്നു
ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ ദുഖവെള്ളിയാഴ്ച സീറോ മലബാർ വിശ്വാസികളുടെ ആഭിമുഖ്യത്തിൽ കുരിശിന്റെ വഴിയും പീഡാനുഭവ ശുശ്രൂഷയും നടത്തി. മെൽബൺ സെന്റ് അൽഫോൺസ കത്തീഡ്രലിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് മെൽബൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ മുഖ്യകാർമികത്വം നൽകി. കത്തീഡ്രൽ വികാരി ഫാ. മാത്യു അരീപ്ലാക്കൽ സഹകാർമികനായിരുന്നു.

പെർത്ത് സ്വാൻ നദിയിൽ 500ലധികം പേർ ഒന്നിച്ച് മാമോദിസ സ്വീകരിച്ച ചടങ്ങിൽ നിന്ന്
പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ സമൂഹം അർമഡെയിൽ ഷോൺസ്റ്റാറ്റ് ഷ്രൈനിലാണ് പീഡാനുഭവ ശുശ്രൂഷകൾക്കും കുരിശിന്റെ വഴിക്കുമായി ഒത്തു ചേർന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. അജിത്ത് ചെറിയേക്കര മുഖ്യകാർമ്മികനായി. ആലുവ മങ്കലപ്പുഴ സെമിനാരിയിലെ പ്രൊഫസർ ഫാ. അഗസ്റ്റ്യൻ ചേന്നാട്ട് വചന സന്ദേശം നൽകി. പീഡാനുഭവ ശുശ്രൂഷകൾക്ക് ശേഷം ഷോൺസ്റ്റാറ്റ് ഷ്രൈനിലെ മലയിലേക്ക് കുരിശിന്റെ വഴിയും നടത്തി. സീറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ പീഡാനുഭവ ദൃശ്യങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നേർച്ച കഞ്ഞിയും വിതരണം ചെയ്തു.
മെൽബൺ സെന്റ് തോമസ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു ഫാ. ജിനു കുര്യൻ സഹകാർമികനായി. മെൽബൺ സെന്റ് മേരീസ് ദേവലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഫാ. ജോസഫ് എഴുമയിൻ മുഖ്യകാർമികനായി. ബ്രിസ്ബെയിനിൽ നടന്ന പീഡാനുഭവ ദിന തിരുക്കർമ്മങ്ങൾക്ക് ഫാ. എബ്രഹാം നെടുംപറമ്പിൽ, ഫാ. വർഗീസ് വിതയത്തിൽ എം.എസ്.ടി, ഫാ. ആന്റോ ചിരിയങ്കണ്ടത്ത്, ഫാ. ടിജോ പുത്തൻപറമ്പിൽ എന്നിവരും നേതൃത്വം നൽകി.
സിഡ്നിയിൽ നടന്ന ദുഖവെള്ളി തിരുക്കർമ്മങ്ങൾക്ക് ഫാ. ഡെന്നി നെടുംപതാനിലും ഫാ. ബാബു മണ്ടപത്തിലും കാർമികത്വം വഹിച്ചു. കാൻബറയിൽ ഫാ. ബീനീഷ് സി.എസ്.ടിയും അഡ്മെയ്ഡിൽ ഫാ. സിബി പുളിക്കൽ, ഫാ. അബ്രാഹം കഴുന്നടിയിൽ, ഫാ. ബിബിൻ വേലംപറമ്പിൽ എന്നിവരും ദുഖവെള്ളിയിലെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
നിരവധി വിശ്വാസികൾ കുരിശിന്റെ വഴിയിലും പീഡാനുഭവ ചടങ്ങുകളിലും വിശ്വാസത്തോടെ പങ്കാളികളായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.