കോംഗോ നദിയിൽ ഇന്ധനം നിറച്ച ബോട്ടിന് തീപിടിച്ചു; 148 മരണം

കോംഗോ നദിയിൽ ഇന്ധനം നിറച്ച ബോട്ടിന് തീപിടിച്ചു; 148 മരണം

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ ബോട്ടപകടത്തിൽ 148 പേർ മരിച്ചു. നൂറിലധികം പേരെ കാണാതായി. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാ​ഗത്തുള്ള കോംഗോ നദിയിൽ ചൊവ്വാഴ്ചയായിരുന്നു അപകടം. 500ഓളം യാത്രക്കാരുമായി പോയ ബോട്ടിന് തീപിടിക്കുകയായിരുന്നു. തീപിടിച്ച ബോട്ട് നദിയിലേക്ക് മറിഞ്ഞു.

യാത്രക്കാരിലൊരാൾ പാചകം ചെയ്യുന്നതിനിടെയാണ് ബോട്ടിന് തീപിടിച്ചത്. മരം കൊണ്ടുള്ള ബോട്ടിൽ തീ ആളിപ്പടർന്നതോടെ കുട്ടികളടക്കമുള്ള യാത്രക്കാർ പലരും വെള്ളത്തിലേക്ക് ചാടി. തീ കണ്ട് ഭയന്ന് വെള്ളത്തിലേക്ക് ചാടിയവരാണ് മരിച്ചവരിൽ ഏറെയുമെന്ന് കോംഗോ റിവർ കമീഷണർ പറഞ്ഞു.

എറെ പേരെ രക്ഷിച്ചുവെങ്കിലും മിക്കവർക്കും സാരമായി പൊള്ളലേറ്റിരുന്നു. റെഡ് ക്രോസും സർക്കാർ സംവിധാനങ്ങളും കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. എംബാൻഡക ടൗണിന് സമീപത്തുവച്ചാണ് ബോട്ടിന് തീപിടിച്ചത്. മതാൻകുമു പോർട്ടിൽ നിന്നും ബൊളോംബ ഏരിയയിലേക്ക് പോവുകയായിരുന്ന എച്ച്ബി കോം​ഗോളോ എന്ന ബോട്ടാണ് അപകടത്തിലായത്. രക്ഷപെട്ടവരിൽ 150ലധികം പേർക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ അറിയിച്ചു.

നിരന്തരമായി ബോട്ടപകടങ്ങൾ നടക്കുന്ന രാജ്യമാണ് കോം​ഗോ. രാത്രിയിലുള്ള അനധികൃത യാത്രകളും അനുവദനീയമായതിലും അധികം ആളുകൾ യാത്ര ചെയ്യുന്നതുമാണ് അപകടകാരണമെന്ന് അധികൃതർ പറയുന്നു. ബോട്ട് വഴിയുള്ള യാത്രാമാർ​ഗമാണ് കോം​ഗോയിൽ സാധാരണമായുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.