കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപ സ്തംഭം: നരേന്ദ്ര മോഡി
കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപ സ്തംഭമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ ലോകം എപ്പോഴും ഓര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുസ്മരിച്ചു. പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ താന്‍ അഗാധമായി ദുഖിക്കുന്നുവെന്നും മോഡി എക്‌സില്‍ കുറിച്ചു.
'ദുഖത്തിന്റെയും ഓര്‍മ്മയുടെയും ഈ വേളയില്‍ ആഗോള കത്തോലിക്കാ സമൂഹത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ചെറുപ്പം മുതലേ, കര്‍ത്താവായ ക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി അദേഹം സ്വയം സമര്‍പ്പിച്ചു. ദരിദ്രരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ഉത്സാഹത്തോടെ സേവിച്ചു. കഷ്ടപ്പെടുന്നവര്‍ക്ക്, അദേഹം പ്രത്യാശയുടെ ഒരു ചൈതന്യം ജ്വലിപ്പിച്ചു.

മാര്‍പാപ്പയുമായുള്ള എന്റെ കൂടിക്കാഴ്ചകള്‍ ഞാന്‍ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. എല്ലാ മേഖലകളിലും സമഗ്രമായ വികസനത്തിനായുള്ള അദേഹത്തിന്റെ പ്രതിബദ്ധതയില്‍ നിന്ന് എനിക്ക് വളരെയധികം പ്രചോദനം ലഭിച്ചു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദേഹത്തിന്റെ വാത്സല്യം എപ്പോഴും വിലമതിക്കപ്പെടും. ദൈവത്തിന്റെ ആലിംഗനത്തില്‍ അദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ' - നരേന്ദ്ര മോഡി എക്‌സില്‍ കുറിച്ചു.
സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിച്ചയാള്‍: പിണറായി വിജയന്‍
മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തി ജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസായിരുന്നു അദേഹത്തിന്റേത്. മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഖത്തില്‍ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി.
സ്നേഹമാണ് അദേഹത്തിന്റെ പ്രവൃത്തിയുടെ ഹൃദയം: മാര്‍ റാഫേല്‍ തട്ടില്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനങ്ങളിലെല്ലാം ഒരു ജനകീയ മുഖമുണ്ടെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരണത്തില്‍ ഓര്‍മിച്ചു. പ്രകൃതി ദൈവത്തിന്റെ വരദാനമാണെന്നായിരുന്നു മാര്‍പാപ്പയുടെ നിലപാട്.
അദേഹം ആദ്യമെഴുതിയ ചാക്രിക ലേഖനമാണ് ലൗദാതോ സി. അതില്‍ പ്രകൃതി ദൈവത്തിന്റെ വരദാനമാണ്, പ്രകൃതിയെ ചൂഷണം ചെയ്യാന്‍ പാടില്ല, മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങണം, ഒത്തുചേര്‍ന്നു പോകണം, അതിനെ നശിപ്പിക്കാന്‍ പാടില്ല, ദൈവത്തിന്റെ മഹത്വം പ്രകൃതിയിലൂടെ പ്രകടിപ്പിക്കണമെന്ന ആഹ്വാനമാണ് ലൗദാതോ സിയില്‍ മാര്‍പാപ്പ നടത്തിയത്.
2015 ല്‍ അദേഹത്തിന്റെ രണ്ടാമത്തെ ചാക്രിക ലേഖനമായ ഫ്രാതെല്ലി തുതിയില്‍ എല്ലാവരും സഹോദരങ്ങളെന്ന കാഴ്ചപ്പാടാണ് മുന്നോട്ടു വെയ്ക്കുന്നത്. സഭ എന്നത് സര്‍വര്‍ക്കും സ്വീകാര്യമായ ദൈവത്തിന്റെ ശുശ്രൂഷയാണ്. ആരെയും മാറ്റി നിര്‍ത്താത്ത ആരെയും വേര്‍തിരിച്ചു കാണാത്ത സമീപനമാണ് അദേഹം മുന്നോട്ടു വെച്ചത്.

അതുകൊണ്ട് തന്നെ കലഹിക്കുന്ന, യുദ്ധമുള്ള സ്ഥലങ്ങളിലൊക്കെ മാര്‍പാപ്പ ഇടപെട്ടു. എല്ലാവരെയും ഒന്നിച്ചു ചേര്‍ക്കുന്ന പാലമാകണമെന്ന ആഗ്രഹം അദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നിരീശ്വരന്മാരാണെന്നോ, യുക്തി വാദികളാണെന്നോ പറഞ്ഞ് ആളുകളെ മാറ്റി നിര്‍ത്തുന്നതിനോട് പാപ്പായ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും മാര്‍ തട്ടില്‍ അനുസ്മരിച്ചു.
ലൈംഗിക ന്യൂനപക്ഷങ്ങളോട് സഭയുടെ ചട്ടക്കൂടില്‍ നിന്ന് സംസാരിക്കുന്നതിന് പകരം ധൂര്‍ത്ത പുത്രനോട് സംസാരിക്കുന്ന നല്ല പിതാവിന്റെ സമീപനത്തോടെ അവരും മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല എന്നാണ് മാര്‍പാപ്പ സ്വീകരിച്ച സമീപനം.
അദേഹത്തിന്റെ കര്‍മ പദ്ധതിയുടെ മുഴുവന്‍ ഹൃദയവും സ്നേഹമാണ്. നല്ലവരായ ആളുകളെ മാത്രം സ്നേഹിക്കാതെ നല്ലവരല്ലെന്ന് നമ്മള്‍ കരുതുന്നവരേപ്പോലും മാറ്റി നിര്‍ത്താതെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകണമെന്ന് വിശ്വസിച്ച ആളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്നും മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു.
വിനയം കൊണ്ടും സൗമ്യമായ ഇടപെടല്‍ കൊണ്ടും ആളുകളെ സ്വാധീനിച്ച വ്യക്തി: സാദിഖലി തങ്ങള്‍
വിനയംകൊണ്ടും സൗമ്യമായ ഇടപെടല്‍ കൊണ്ടും ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന അപൂര്‍വ്വ നേതാക്കളില്‍ മുന്‍നിരയിലുള്ളയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുസ്ലീം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പാണ് അദേഹത്തെ വത്തിക്കാനില്‍ സന്ദര്‍ശിച്ചത്. പക്ഷെ, അന്നദേഹം ചൊരിഞ്ഞ സ്‌നേഹവും മൃദുഭാവവും ഇന്നുമുള്ളില്‍ തങ്ങി നില്‍ക്കുന്നുണ്ട്. രണ്ട് മണിക്കൂറോളം സമയമാണ് അദേഹത്തോടൊപ്പം ചെലവഴിച്ചത്.

ചടങ്ങിനെത്തിയ വലിയ ആള്‍കൂട്ടത്തെ മുഴുവന്‍ വ്യക്തിപരമായി അഭിവാദ്യം ചെയ്യാന്‍ പാപ്പ സമയം കണ്ടെത്തി. അനാരോഗ്യമോ, ക്ഷീണമോ ആ മുഖത്തു നിന്നും വായിച്ചെടുക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു ഓരോരുത്തരോടുമുള്ള സമീപനം. സാഹോദര്യവും മാനവികതയും സ്‌നേഹവുമായിരുന്നു അദേഹത്തില്‍ തുളുമ്പി നിന്നിരുന്നത്.
ക്രൈസ്തവ വിശ്വാസികള്‍ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യര്‍ക്കും വരും തലമുറയ്ക്കും ജീവിതത്തില്‍ പകര്‍ത്താനുള്ള ജീവിത പാഠവും, സന്ദേശവും ഇഹ ലോകത്ത് ബാക്കി വെച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങുന്നത്. നല്‍കിയ ഓര്‍മകള്‍ക്കും സ്‌നേഹത്തിനും നന്ദിയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.