ആരാകും ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി? സാധ്യതാ പട്ടികയിൽ എട്ട് പേർ

ആരാകും ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി? സാധ്യതാ പട്ടികയിൽ എട്ട് പേർ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയെ നവീകരിച്ച വിശുദ്ധനും വഴികാട്ടിയുമായ ഫ്രാൻസിസ് മാർപ്പാപ്പ നിത്യതയിൽ ലയിച്ചു. ഇനി ആരാകും അദേഹത്തിൻ്റെ പിൻഗാമിയെന്നാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഉറ്റുനോക്കുന്നത്. പാപ്പൽ കോൺക്ലേവിലൂടെയാണ് പുതിയ മാർപ്പപ്പയെ തിരഞ്ഞെടുക്കുക. പിൻഗാമി ആരെന്ന കാര്യത്തിൽ വത്തിക്കാൻ ഒരു സൂചനയും നൽകിയിട്ടില്ല. എന്നാലും പ്രധാനമായും എട്ട് പേരുകളാണ് ഉയർന്ന് കേൾക്കുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

1. കർദിനാൾ പിയാട്രോ പരോളിൻ - 70 വയസ് - ഇറ്റലി

ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളെ സ്വാഗതം ചെയ്ത വ്യക്തിത്വമാണ് കർദിനാൾ പിയാട്രോ പരോളിൻ. 2014ൽ ഫ്രാൻസിസ് മാർപാപ്പ മാർ പിയാട്രോ പരോളിനെ കർദിനാളായി ഉയർത്തി. നിലവിൽ വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയായ കർദിനാൾ കഴിഞ്ഞ 11 വർഷമായി ഫ്രാൻസിസ് മാർപാപ്പയൊടൊപ്പം സേവനം അനുഷ്ഠിച്ചുവരികയാണ്.

2. കർദിനാൾ ഫ്രിഡോലിൻ അംബോംഗോ ബെസുങ്കു- 65 വയസ് - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും എപ്പിസ്‌കോപ്പൽ കോൺഫറൻസുകളുടെ അധ്യക്ഷൻ. 2023ൽ നടന്ന ഒരു അടിയന്തര യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് ബെസുങ്കു അനുഗ്രഹം നേടി. യാഥാസ്ഥിതിക നിലപാടുകളുടെ വക്താവായ ബെസുങ്കു ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് ഉയർന്നുകേൾക്കുന്ന പേരുകളിലൊന്നാണ്.

3. കർദിനാൾ വില്യം ജേക്കബ്സ് ഐക്ക് -71 വയസ് - നെതർലാൻഡ്സ്

71കാരനായ കർദിനാൾ വില്യം ജേക്കബ്‌സ് ഐക്ക് നെതർലാൻഡിൽ നിന്നുള്ള കർദിനാളാണ്. കത്തോലിക്ക സഭയിലെ യാഥാസ്ഥിതിക വാദികളിൽ പ്രമുഖൻ. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാണ് ഡോക്ടർ കൂടിയായ മാർ വില്യം ജേക്കബ്സിനെ കർദിനാളായി ഉയർത്തിയത്.

4. കർദിനാൾ പീറ്റർ എർഡോ -72 വയസ് - ഹംഗറി

ഹംഗറിയിൽ ജനിച്ച കർദിനാൾ പീറ്റർ എർഡോ യൂറോപ്പിലെ ബിഷപ്പ് കോൺഫറൻസ് കൗൺസിലിന്റെ മുൻ പ്രസിഡൻ്റാണ്. കത്തോലിക്ക സഭയുടെ സമകാലിക ഭരണകാര്യങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വം. 72കാരനായ അദേഹത്തെ 2003ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കർദിനാളായി നിയമിച്ചു.

5. കർദിനാൾ ലൂയിസ് അൻ്റോണിയോ ടാഗ്ലെ - 67 വയസ് - ഫിലിപ്പീൻസ്

ഏഷ്യൻ പോപ്പ് ഫ്രാൻസിസ് എന്ന് വിളിക്കപ്പെടുന്ന ലൂയിസ് അന്റോണിയോ ടാഗ്ലെ വത്തിക്കാൻ നിരീക്ഷകരുടെയും വാതുവെപ്പുകാരുടെയും ഇടയിൽ പ്രമുഖനാണ്. സാമൂഹിക ഇടപെടലിലൂടെ ശ്രദ്ധേയനായ വ്യക്തിത്വം. സ്വവർഗാനുരാഗികളോടും വിവാഹമോചിതരും പുനർവിവാഹം ചെയ്തവരോടുമുള്ള സഭയുടെ നിലപാടിനെ വിമർശിച്ച വ്യക്തി. കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഏഴാമത്തെ ഫിലിപ്പിനോ പൗരൻ. 2012ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. തിരഞ്ഞെടുക്കപ്പെട്ടാൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്ന് വരുന്ന ആദ്യത്തെ പോപ്പായിരിക്കും അദേഹം.

6. കർദിനാൾ റെയ്മണ്ട് ബർക്ക് - 76 വയസ് - യുഎസ്എ

അമേരിക്കയിൽ നിന്നുള്ള കർദ്ദിനാളാണ് 76കാരനായ കർദ്ദിനാൾ റെയ്മണ്ട് ബർക്ക്. ഫ്രാൻസിസ് മാർപാപ്പയുടെ ലിബറൽ ചിന്താഗതിയെ പലപ്പോഴും വിമർശിച്ച വ്യക്തി. വിസ്‌കോൺസിൻ സ്വദേശിയും സെന്റ് ലൂയിസിലെ മുൻ ആർച്ച് ബിഷപ്പുമാണ്. 2010ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാണ് ബർക്കിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.

7. കർദിനാൾ മരിയോ ഗ്രെച്ച് - 67 വയസ് - മാൾട്ട

ബിഷപ്പുമാരുടെ സിനഡിന്റെ നിലവിലെ സെക്രട്ടറി ജനറലാണ് 67കാരനായ കർദിനാൾ മാരിയോ ഗ്രെച്ച്. ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളെ പിന്തുണയ്ക്കുന്നവരിൽ പ്രമുഖൻ. 2020ൽ ഫ്രാൻസിസ് മാർപ്പാപ്പയാണ് ഗ്രെച്ചിനെ കർദിനാളായി നിയമിച്ചത്.

8. കർദിനാൾ മാറ്റിയോ സുപ്പി - 69 വയസ് - ഇറ്റലി

ഇറ്റാലിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റായ മാറ്റിയോ സുപ്പി റോമിലാണ് ജനിച്ചത്. ഫ്രാൻസിസ് മാർപാപ്പയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന കർദിനാൾ. ഉക്രെയ്‌നിൽ മാർപാപ്പയുടെ സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചു. 2019ലാണ് ഫ്രാൻസിസ് മാർപാപ്പ അദേഹത്തെ കർദിനാളായി ഉയർത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.