തിയതി കുറിച്ചു: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര മെയ് 29 ന്; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

തിയതി കുറിച്ചു: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര മെയ് 29 ന്; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ഫ്‌ളോറിഡ: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര മെയ് 29 ന്. സ്പെയ്‌സ് എക്‌സ് സ്ഥാപനമായ ആക്‌സിയം എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് തിയതി പ്രഖ്യാപിച്ചത്. മെയ് 29 ന് ഇന്ത്യന്‍ സമയം രാത്രി 10.33 നാണ് യാത്ര.

ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് യാത്രികരാണ് ആക്‌സിയം 4 ദൗത്യത്തിലൂടെ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. നാസ മുന്‍ ബഹിരാകാശ യാത്രികയും ഹ്യൂമന്‍ സ്‌പെയ്‌സ് മിഷന്‍ ഡയറക്ടറുമായ പെഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

ശുഭാംശുവിനാണ് പൈലറ്റിന്റെ റോള്‍. പോളണ്ടില്‍ നിന്നുള്ള സ്വാവോസ് ഉസ്‌നാന്‍സി വിസ്‌മെവ്‌സ്‌കിയും ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപുവുമാണ് മറ്റ് യാത്രികര്‍. രാകേഷ് ശര്‍മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ശുഭാന്‍ശു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകത ഈ ദൗത്യത്തിനുണ്ട്.

ഫ്ളോറിഡയിലെ സ്പെയ്‌സ് എക്‌സിന്റെ റോക്കറ്റ് നിലയത്തില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ആക്‌സിയം പേടകം ബഹിരാകാശത്തേക്ക് കുതിക്കുക. ബഹിരാകാശ നിലയത്തില്‍ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മടങ്ങിയെത്തും. സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങി വന്ന അതേ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാന്‍ശു ശുക്ലയും സംഘവും പോകുന്നത്.

ഈ അനുഭവം അടുത്ത വര്‍ഷത്തെ ഗഗന്‍യാന്‍ യാത്രയ്ക്ക് കരുത്തേകും. ബഹിരാകാശത്ത് സ്പെയ് സ്റ്റേഷന്‍ മാതൃകയില്‍ നാല് ദിവസം കഴിയുന്നതാണ് ഗഗന്‍യാന്‍ പദ്ധതി. ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് യാത്രികരെയാണ് ഗഗന്‍യാന്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍ എന്നിവരാണ് സഹയാത്രികര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.