ബ്രസീലിയ: പ്രാര്‍ത്ഥനയാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് വെളുപ്പെടുത്തിയ ബ്രസീലിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് വിടവാങ്ങി. 116 വയസുള്ള സിസ്റ്റര്‍ ഇനാ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു. റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തിലെ സാൻ്റോ എൻറിക് ഡി ഓസ്സോ ഹോമിലെ പോർട്ടോ അലെഗ്രെയില്‍ സ്ഥിതി ചെയ്യുന്ന ബ്രസീൽ തെരേസിയൻ സിസ്റ്റേഴ്സിന്റെ പ്രോവിൻഷ്യൽ ഹൗസില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരിന്നു.
ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ നിന്നുള്ള സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് 1908 മെയ് 27നാണ് ജനിച്ചത്.
തന്റെ ദീര്‍ഘായുസിന്റെ രഹസ്യങ്ങളിലൊന്ന് പ്രാര്‍ത്ഥനയാണെന്നും ലോകത്തിലെ എല്ലാവര്‍ക്കുമായി താന്‍ എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ടെന്നും സിസ്റ്റർ ഇന നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പ്രായത്തിന്റേതായ കേള്‍വിക്കുറവും കാഴ്ചക്കുറവും സംസാരതടസവും ഇപ്പോഴുണ്ടെങ്കിലും ഒരുപാട് പ്രാര്‍ത്ഥിക്കുകയും ജീവിതകാലം മുഴുവന്‍ പ്രാര്‍ത്ഥനയ്ക്കായി സ്വയം സമര്‍പ്പിക്കുകയും ചെയ്ത കന്യാസ്ത്രീയായിരുന്നു സിസ്റ്റര്‍ ഇനയെന്ന് സിസ്റ്ററിന്റെ അന്തരവനായ ക്ലെബര്‍ പറഞ്ഞു, മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്യാന്‍ ആഗ്രഹിക്കുകയും ദയയോടെയും നര്‍മം കലര്‍ത്തിയും എല്ലാവരോടും സംസാരിക്കുകയും ചെയ്തിരുന്ന ശുഭാപ്തിവിശ്വാസിയാണ് സിസ്റ്ററെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ലോകമഹായുദ്ധങ്ങളിലൂടെയും പത്ത് മാര്‍പാപ്പമാരുടെ കാലങ്ങളിലൂടെയും കടന്ന് പോയ സിസ്റ്റര്‍ ഇന മികച്ച ഒരു അധ്യാപിക കൂടെയായിരുന്നു. റിയോ ഡി ജനീറോ, ഇറ്റാക്വി, സാന്റാന തുടങ്ങിയ സ്ഥലങ്ങളിലെ തേരേസ്യന്‍ സ്‌കൂളുകളില്‍ പോര്‍ച്ചുഗീസ്, ഗണിതം, ശാസ്ത്രം, ചരിത്രം, കല, മതം എന്നിവ പഠിപ്പിച്ചു. സാന്താനാ ഡോ ലിവ്രമെന്റോയിലെ സാന്താ തെരേസ സ്‌കൂളില്‍ മാര്‍ച്ചിങ് ബാന്‍ഡ് സൃഷ്ടിച്ചത് ശ്രദ്ധേയമായ നേട്ടമാണ്.
കഴിഞ്ഞ ജനുവരിയില്‍ 116 വയസുള്ള ജാപ്പനീസ് വനിത ടോമിക്കോ ഇറ്റൂക്ക മരിച്ചതിനെത്തുടർന്നാണ് ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന റെക്കോര്‍ഡ് സിസ്റ്റര്‍ ഇനാ കാനബാരോയ്ക്ക് സ്വന്തമായത്. സിസ്റ്റര്‍ ഇനായുടെ മരണത്തോടെ ഇംഗ്ലണ്ടിൽ നിന്നുള്ള 115 വയസുള്ള എഥൽ കാറ്റർഹാം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയെന്ന് യുഎസ് ജെറന്റോളജിക്കൽ റിസർച്ച് ഗ്രൂപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.