നൈജീരിയയില്‍ വാഹനാപകടം: ഏഴ് കപ്പൂച്ചിന്‍ വൈദിക വിദ്യാര്‍ഥികള്‍ മരിച്ചു

 നൈജീരിയയില്‍ വാഹനാപകടം:  ഏഴ് കപ്പൂച്ചിന്‍ വൈദിക വിദ്യാര്‍ഥികള്‍ മരിച്ചു

എനുഗു: നൈജീരിയയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഏഴ് കപ്പൂച്ചിന്‍ വൈദിക വിദ്യാര്‍ഥികള്‍ മരിച്ചു. എനുഗു സ്റ്റേറ്റില്‍ നിന്ന് ക്രോസ് റിവര്‍ സ്റ്റേറ്റിലേക്ക് യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ റോഡപകടത്തിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്.

പതിമൂന്ന് പേര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആറ് പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പരിക്കേറ്റവരെ വിദഗ്ദ ചികിത്സയ്ക്കായി എനുഗുവിലേക്ക് തിരികെ എത്തിച്ചു. നൈജീരിയയിലെ കപ്പൂച്ചിന്‍ സമൂഹത്തിന്റെ ചുമതലയുള്ള ബ്രദര്‍ ജോണ്‍ കെന്നഡിയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

വൈദിക വിദ്യാര്‍ഥികളായ സോമാഡിന ഇബെ ഒജുലുഡു, ജെറാള്‍ഡ് ന്യൂവോഗീസ്, ചുക്വുഡി ഒബ്യൂസ്, ചിനെഡു ന്വാചുക്വു, വില്‍ഫ്രഡ് അലെക്കെ, മാര്‍സെല്‍ എസെന്‍വാഫോര്‍, ക്രിംഗ്സ്ലി ന്യൂസോസു എന്നിവരാണ് മരണപ്പെട്ടത്.

സന്യാസിമാരുടെ അപ്രതീക്ഷിത വിയോഗത്തില്‍ കപ്പൂച്ചിന്‍ സന്യാസ സമൂഹം പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയില്‍ ഐക്യപ്പെടാന്‍ ബ്രദര്‍ ജോണ്‍ കെന്നഡി ആഹ്വാനം ചെയ്തു.

ഇവരുടെ ആത്മാക്കളെ ദൈവത്തിന്റെ കരുണാമയമായ സ്‌നേഹത്തില്‍ സമര്‍പ്പിക്കുകയാണെന്നും മൃത സംസ്‌കാരത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദേഹം പറഞ്ഞു. കപ്പൂച്ചിന്‍ വൈദിക വിദ്യാര്‍ഥികളുടെ ആകസ്മിക മരണത്തില്‍ ക്രോസ് റിവര്‍ ഗവര്‍ണര്‍ ബാസി ഒട്ടു ദുഖം പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.