കത്തോലിക്കാ ആശുപത്രികളെ ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുന്ന ​ഗ്രീൻസ് പാർട്ടി ബില്ലിനെതിരെ സിഡ്നിയിൽ വ്യാപക പ്രതിഷേധം

കത്തോലിക്കാ ആശുപത്രികളെ ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുന്ന ​ഗ്രീൻസ് പാർട്ടി ബില്ലിനെതിരെ സിഡ്നിയിൽ വ്യാപക പ്രതിഷേധം

സിഡ്‌നി: കത്തോലിക്കാ ആശുപത്രികളെ ഗർഭഛിദ്രം നടത്താൻ നിർബന്ധിതരാക്കുന്ന ഗ്രീൻസ് പാർട്ടിയുടെ (ന്യൂ സൗത്ത് വെയിൽസ്) ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു. ക്രിസ്ത്യൻ ലൈവ്സ് മാറ്റേഴ്സ് സംഘടന കഴിഞ്ഞ ദിവസം സംഘടിപ്പിച്ച റാലിയിൽ‌ സി‍ഡ്നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒ.പി., മെൽക്കൈറ്റ് ബിഷപ്പ് റോബർട്ട് റബ്ബത്ത്, മരോനൈറ്റ് ബിഷപ്പ് അന്റോയിൻ-ചാർബൽ താരാബേ എന്നിവരുൾപ്പെടെ നിരവധി വൈദികരും സന്യസ്തരും റാലിയിൽ‌ പങ്കെടുത്തു.

"ലോകത്തിൽ തന്നെ അനുവദനീയമായ ഗർഭഛിദ്ര നിയമങ്ങൾ നിലനിൽക്കുന്ന, ഏറ്റവും ഉയർന്ന ഗർഭഛിദ്ര നിരക്കുള്ള ഒരു സംസ്ഥാനം കൂടുതൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കാൻ ശ്രമിക്കുന്നത് അമ്പരപ്പിക്കുന്നതാണ്." ആർച്ച് ബിഷപ്പ് പറഞ്ഞു.



"ആരോഗ്യ വിദഗ്ധരുടെയും സ്ഥാപനങ്ങളുടെയും താൽപര്യത്തിന് അനുസൃതമായി നമ്മുടെ നഴ്‌സുമാരെയും മിഡ്‌വൈഫുകളെയും ​ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിപ്പിക്കുന്നത് ഭയാനകവും നരകതുല്യവുമാണ്"ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു

റാലിയിൽ സബന്ധിച്ചവരിൽ ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി ആബട്ടും ഉണ്ടായിരുന്നു. ഗ്രീൻസ് പാർട്ടി ബിൽ മനസാക്ഷി സ്വാതന്ത്ര്യത്തിന് നേരെയുള്ള അടിസ്ഥാനപരമായ ആക്രമണം ആണ്. ക്രിസ്തീയ മൂല്യങ്ങൾ റദാക്കാനും നമ്മുടെ സമൂഹത്തെ മോശമാക്കാനുമുള്ള ലജ്ജാകരമായ ശ്രമമാണിതെന്നും ടോണി ആബട്ട് പറഞ്ഞു.

റാലിയിലെ ശ്രദ്ധേയമായ ജനപങ്കാളിത്തം ബില്ലിന്റെ ധാർമ്മിക അപലപനീയതയുടെ പ്രതിഫലനമാണെന്ന് ഗർഭഛിദ്ര വിരുദ്ധ വക്താവും റാലി സംഘാടകയുമായ പ്രൊഫസർ ജോവാന ഹോവ് പറഞ്ഞു. "ഇത് പാവപ്പെട്ട കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ചുള്ള ഒരു ബില്ലാണെന്ന് വളരെ വ്യക്തമാണ്. അടുത്ത 18 മാസത്തേക്ക് ഈ ബില്ലിനെതിരെ ഞങ്ങളും പോരാടുമെന്ന് ആളുകൾ പറഞ്ഞിട്ടുണ്ട്."ജോവാന ഹോവ് പറഞ്ഞു.

നിയമനിർമ്മാണം പാസായാൽ ഗർഭഛിദ്രത്തിന്റെ ധാർമ്മികതയെ ചുറ്റിപ്പറ്റിയുള്ള ചോദ്യം പൊതുചർച്ചയിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് സിഡ്‌നി അതിരൂപതയുടെ പബ്ലിക് അഫയേഴ്‌സ് ആൻഡ് എൻഗേജ്‌മെന്റ് ഡയറക്ടർ മോണിക്ക ഡൗമിറ്റ് പറ‍ഞ്ഞു.ഒരു ഗർഭഛിദ്ര ക്ലിനിക്കിൽ നിന്ന് 150 മീറ്റർ അകലെ നിശബ്ദമായി പ്രാർത്ഥിക്കുന്നതിൽ നിന്ന് പോലും അവർ നിങ്ങളെ തടഞ്ഞു, ജനന ദിവസം വരെ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കി. ഇപ്പോൾ അവർ ഞങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. മോണിക്ക ഡൗമിറ്റ് കൂട്ടിച്ചേർത്തു.



ക്രൈസ്തവരുടെ മൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതമായി ആശുപത്രികളെയും ഡോക്ടർമാരെയും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭഛിദ്രം ചെയ്യാൻ നിർബന്ധിക്കുന്നതാണ് പുതിയ ബില്ല്. ഓസ്‌ട്രേലിയയിലെ മതസ്വാതന്ത്ര്യത്തിന് അപകടകരമായ ഒരു മാതൃക ഇത് സൃഷ്ടിക്കും. ഗർഭഛിദ്ര വ്യവസ്ഥകളെക്കുറിച്ച് ആശുപത്രികൾക്ക് നിർദേശങ്ങൾ നൽകാൻ ആരോഗ്യമന്ത്രിയെ അനുവദിക്കുകയും ആശുപത്രി അത് പാലിക്കുകയും വേണമെന്നും ബില്ലിൽ നിഷ്കർഷിക്കുന്നു.

ഗർഭഛിദ്രത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഗർഭഛിദ്രം ആവശ്യപ്പെടുന്ന സ്ത്രീകളെ മറ്റൊരാൾക്ക് റഫർ ചെയ്യണമെന്നും ബില്ല് ആവശ്യപ്പെടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.