ആദ്യ ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചും ത്രികാലജപം പാടി പ്രാർഥിച്ചും ലിയോ പതിനാലാമൻ മാർപാപ്പ

ആദ്യ ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചും ത്രികാലജപം പാടി പ്രാർഥിച്ചും ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: പൗരോഹിത്യത്തിലേക്കും സമർപ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളികൾക്കായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ഞായറാഴ്ച സന്ദേശം. സ്നേഹത്തിലും സത്യത്തിലും പരസ്പരസേവനത്തിലുമാണ് ജീവിതയാത്രയിൽ നാം മുന്നോട്ട് നടക്കേണ്ടതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

നല്ലിടയൻ ഞായറായി ആചരിച്ച ഇന്നലെ, ത്രികാല പ്രാർഥനയ്ക്ക് ഒരുക്കമായി നൽകിയ വചന സന്ദേശത്തിലാണ് പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്. അതിനുമുമ്പ്, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തിയ പാപ്പാ, താഴെ വത്തിക്കാൻ ചത്വരത്തിൽ കൂടിയിരുന്ന ഒരു ലക്ഷത്തിലധികം വരുന്ന തീർത്ഥാടകരെയും സന്ദർശകരെയും ഊഷ്മളമായി അഭിവാദ്യം ചെയ്യുകയും അവരോടുകൂടെ ആയിരിക്കുന്നതിലുള്ള തന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
സന്ദേശത്തെതുടർന്ന്, മാർപാപ്പ 'സ്വർലോക രാജ്ഞീ, ആനന്ദിച്ചാലും' എന്ന പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഉയർന്നസ്വരത്തിൽ ഗാനരൂപത്തിൽ ആലപിച്ചുകൊണ്ടാണ് പാപ്പാ പ്രാർത്ഥന നയിച്ചത്.

നല്ലിടയൻ ഞായർ

റോമിന്റെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട തൻ്റെ ശുശ്രൂഷയുടെ ആദ്യ ഞായറാഴ്ച, സഭ നല്ലിടയൻ്റെ ഞായറായി ആഘോഷിക്കുന്ന ദിവസമാണ് എന്ന കാര്യം പരിശുദ്ധ പിതാവ് അനുസ്മരിച്ചു. ദൈവത്തിന്റെ ദാനമായി പാപ്പാ അതിനെ വിശേഷിപ്പിച്ചു. ആടുകളെ അറിയുകയും സ്നേഹിക്കുകയും അവയ്ക്കുവേണ്ടി ജീവൻ നൽകുകയും ചെയ്യുന്ന നല്ല ഇടയനായാണ് ഈ ദിവസത്തിൻ്റെ സുവിശേഷവായനയിൽ യേശു സ്വയം വെളിപ്പെടുത്തുന്നതെന്ന് മാർപാപ്പ വിശദീകരിച്ചു.
ദൈവവിളികൾക്കു വേണ്ടിയുള്ള പ്രാർത്ഥനയുടെ ഞായർ

ഇന്നേദിവസം ദൈവവിളികൾക്കു വേണ്ടിയുള്ള ആഗോള പ്രാർത്ഥനാദിനവും ബാൻഡ് മേളക്കാരുടെയും ജനപ്രിയ വാദ്യഘോഷക്കാരുടെയും ജൂബിലി ആഘോഷങ്ങളുടെ സമാപനദിനവും ആണെന്ന് പാപ്പാ പ്രത്യേകം അനുസ്മരിച്ചു . ലോകമെമ്പാടും നിന്നെത്തിയ ബാൻഡ് മേളക്കാരുടെ വിവിധ സംഘങ്ങളെ ലിയോ പാപ്പാ വാത്സല്യപൂർവ്വം അഭിവാദ്യം ചെയ്യുകയും അവരുടെ സംഗീത പ്രകടനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. പരിശുദ്ധാത്മാവിൽ സഭയെ നയിച്ചുകൊണ്ടിരിക്കുന്ന നല്ല ഇടയനായ ക്രിസ്തുവിന്റെ തിരുനാൾ ദിനത്തെ അവരുടെ പ്രകടനങ്ങൾ സജീവമാക്കിയതായി പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

പരസ്പരം സഹായിക്കാം

തുടർന്ന്, ദൈവജനത്തോടൊപ്പം പൗരോഹിത്യത്തിലേക്കും സമർപ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളികൾക്കു വേണ്ടിയുള്ള പ്രാർത്ഥനയിൽ പങ്കുചേരാൻ സാധിച്ചതിലുള്ള തന്റെ സന്തോഷം പാപ്പാ പ്രകടിപ്പിച്ചു. അവരുടെ ശുശ്രൂഷകൾ പോലെതന്നെ, നാം അവർക്കു നൽകുന്ന പിന്തുണയും സഭയ്ക്ക് വളരെയേറെ ആവശ്യമാണെന്ന കാര്യം ലിയോ പാപ്പാ എടുത്തുപറഞ്ഞു. അങ്ങനെ അവർക്ക് സ്വന്തം സമൂഹങ്ങളിൽ സ്വീകാര്യതയും പ്രോത്സാഹനവും കണ്ടെത്താനും ദൈവത്തോടും സഹോദരീസഹോദരന്മാരോടുമുള്ള ഉദാരമായ സമർപ്പണത്തിന്റെ വിശ്വസ്ത മാതൃകകളാകാനും സാധിക്കുമെന്ന് പാപ്പാ പറഞ്ഞു.

ദൈവവിളികൾക്കു വേണ്ടിയുള്ള പ്രാർത്ഥനാദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ നൽകിയ സന്ദേശങ്ങളെ അനുസ്മരിച്ച പാപ്പാ, ദൈവവിളി സ്വീകരിക്കുന്ന യുവജനങ്ങളെ സ്വാഗതം ചെയ്യാനും അനുയാത്ര ചെയ്യാനും എല്ലാവർക്കും പ്രോത്സാഹനം നൽകി. സ്നേഹത്തിലും സത്യത്തിലും വ്യാപരിച്ച്, പരസ്പരം സഹായങ്ങളും സേവനങ്ങളും നൽകിക്കൊണ്ട് ജീവിക്കാൻ നമ്മെ സഹായിക്കണമെന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം - പരിശുദ്ധ പിതാവ് പറഞ്ഞു.

ഭയപ്പെടേണ്ട!

ദൈവവിളികളെക്കുറിച്ച് യുവജനങ്ങളെ ലിയോ മാർപാപ്പ പ്രത്യേകമായി അഭിസംബോധന ചെയ്തു. 'ഭയപ്പെടേണ്ട! സഭയുടെയും കർത്താവായ ക്രിസ്തുവിന്റെയും ക്ഷണം സ്വീകരിക്കുക!' - പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു.
തൻ്റെ ജീവിതം മുഴുവൻ കർത്താവിന്റെ വിളിയോടുള്ള പ്രത്യുത്തരമാക്കി മാറ്റിയ പരിശുദ്ധ കന്യകാമറിയം, അവിടുത്തെ അനുഗമിക്കുന്നതിൽ എപ്പോഴും നമ്മോടൊപ്പമുണ്ടാകട്ടെ എന്ന പ്രാർത്ഥനാശംസയോടെ പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.