സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ

സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്. ഇന്ന് സംസ്ഥാനതലത്തില്‍ ഡോക്ടര്‍മാര്‍ വഞ്ചനാദിനം ആചരിക്കും. ശമ്പള കുടിശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്.

ഇന്ന് മുതല്‍ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കുമെന്ന് കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം.


ഇന്ന് മുതല്‍ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണങ്ങള്‍ ആരംഭിക്കും. വിഐപി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കോവിഡ്, നോണ്‍ എമര്‍ജന്‍സി യോഗങ്ങള്‍ എന്നിവയാണ് ബഹിഷ്‌കരിക്കുന്നത്. എല്ലാ ദിവസവും കരിദിനം ആചരിക്കും. മാര്‍ച്ച്‌ 10ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധിക്കും. 17ന് 24 മണിക്കൂര്‍ ഒപിയും നേരത്തെ നിശ്ചയിച്ചിട്ടുള്ള ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കാനുമാണ് തീരുമാനം.

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുമായി രണ്ടാഴ്ച മുൻപ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ശമ്പള കുടിശിക ഉടന്‍ അനുവദിക്കാമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ആവശ്യങ്ങള്‍ പരിഗണിച്ച്‌ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, അനുകൂല തീരുമാനമുണ്ടാവാത്തതിനാലാണ് ഡോക്ടര്‍ സമരം നടത്താന്‍ തീരുമാനിച്ചത്.

സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാര്‍ക്കും കാലതാമസം കൂടാതെ ശമ്പള വർദ്ധനവ് നല്‍കിയപ്പോള്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ച്‌ സംസ്ഥാനത്തെ കോവിഡ് ദുരന്തത്തില്‍നിന്ന് കരകയറ്റാന്‍ പ്രയത്നിച്ച മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും നല്‍കിയില്ലെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.