ആശുപത്രിയില്‍ ഒരു വര്‍ഷം ചുറ്റിക്കറങ്ങി; അവസാനം ആ പൂച്ച സെക്യൂരിറ്റി ജീവനക്കാരനായി

ആശുപത്രിയില്‍ ഒരു വര്‍ഷം ചുറ്റിക്കറങ്ങി; അവസാനം ആ പൂച്ച സെക്യൂരിറ്റി ജീവനക്കാരനായി

"പരിശ്രമം ചെയ്യുകിലെന്തിനേയും

വശത്തിലാക്കാന്‍ കഴിവവുള്ളവണ്ണം

ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രേ

മനുഷ്യരെപ്പാരിലയച്ചതീശന്‍.... " മഹാകവി കെ സി കേശവപിള്ള രചിച്ചതാണ് ഈ വരികള്‍. ശരിയാണ് പരിശ്രമം ചെയ്യുകില്‍ എന്തിനേയും നേടിയെടുക്കാന്‍ കെല്‍പുള്ളവരായാണ് മനുഷ്യരെ ഈശ്വരന്‍ ഭൂമിയിലേക്ക് അയച്ചത്. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല ഇത്തരത്തില്‍ പരിശ്രമിച്ച വിജയം നേടിയിട്ടുള്ളത്. പറഞ്ഞു വരുന്നത് ഒരു പൂച്ചയെക്കുറിച്ചാണ്. ഒരല്‍പം കൗതുകവും രസവും നിറഞ്ഞ പൂച്ചയുടെ ജീവിതം.

ഒരു വര്‍ഷത്തോളം ഒരു ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ പൂച്ച ഒടുവില്‍അ അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനായി. കേള്‍ക്കുമ്പോള്‍ തന്നെ പലരും ആശ്ചര്യപ്പെട്ടേക്കാം. പക്ഷെ ഈ പൂച്ച ആള് അത്ര നിസാരക്കാരനല്ല. ഓസ്‌ട്രേലിയയിലെ റിച്ചമണ്ട് എന്ന സ്ഥലത്തുള്ള എപ്വേര്‍ത് ആശുപത്രിയാലാണ് ഒരു പൂച്ച സെക്യൂരിറ്റി ജീവനക്കാരനായത്.


ഓസ്‌ട്രേലിയക്കാരനായ ഈ പൂച്ചയുടെ പേര് എല്‍വുഡ് എന്നാണ്. എപ്വേര്‍ത് ആശുപത്രിയില്‍ പതിവായി എത്താറുണ്ടായിരുന്നു എല്‍വുഡ്. അതും കൃത്യമായ സമയവും പാലിച്ച്. ആശുപത്രിയിലെ ജീവനക്കാരോടും ആശുപത്രിയിലേക്ക് വരുന്നവരോടും ആശുപത്രിയില്‍ നിന്നും മടങ്ങി പോകുന്നവരോടുമൊക്കെ എല്‍വുഡ് സ്‌നേഹത്തോടെ പെരുമാറി. ദിവസവും രാവിലെ വന്ന് ആശുപത്രിയുടെ വാതില്‍ക്കല്‍ എല്‍വിസ് കാത്തു നില്‍ക്കും. വൈകുന്നേരം മടങ്ങി പോവുകയും ചെയ്യും.

ഒരു വര്‍ഷത്തോളമായി എല്‍വുഡിന്റെ വരവും ചുറ്റിക്കറങ്ങലും എല്ലാം തുടങ്ങിയിട്ട്. ഇത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പൂച്ചയെ സെക്യൂരിറ്റി ടീമിന്റെ ഭാഗമാക്കാന്‍ തീരുമാനിക്കുകയായിരുന്നു ആശുപത്രി അധികൃതര്‍. ജീവനക്കാരുടേതിന് സമാനമായ ഒരു ഐഡി കാര്‍ഡും നല്‍കിയിട്ടുണ്ട് എല്‍വുഡ് എന്ന ഈ പൂച്ചയ്ക്ക്.

ആശുപത്രിയിലെത്തുന്ന പലര്‍ക്കും എല്‍വുഡ് കൗതുകക്കാഴ്ചയാണ്. എന്നാല്‍ തന്റെ ഉദ്യോഗത്തെക്കുറിച്ച് കാര്യമായ ധാരണ ഒന്നും ഇല്ലെങ്കിലും എല്‍വുഡ് ആശുപത്രിയില്‍ ഇപ്പോഴും ചുറ്റിക്കറങ്ങുന്നു. മികച്ച ഒരു സെക്യൂരിറ്റി ജീവനക്കാരനെ പോലെ....


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.