കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന കോടികളുടെ മോഷണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അമൂല്യ രത്‌നങ്ങളും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ രണ്ട് കോടിയോളം രൂപയുടെ സ്വത്താണ് നഷ്ടപ്പെട്ടത്. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ ഉന്നതതല യോഗം വിളിച്ചു. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും.

കൊട്ടാരത്തെക്കുറിച്ചും ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന രീതിയെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരം ജീവനക്കാരുടെ മൊഴി എടുത്തു വരികയാണ്. ഇന്ന് പേരൂര്‍ക്കട സ്റ്റേഷനില്‍ ഹാജരാകാന്‍ ചില ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

കൊട്ടാരത്തിന്റെ തെക്കേ ഭാഗത്തെ മൂന്നാമത്തെ നിലയിലുള്ള ഗൗരി ലക്ഷ്മി ഭായിയുടെ ബെഡ്‌റൂമില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. ഈ ഭാഗത്തേക്ക് കുടുംബാംഗങ്ങള്‍ക്കും വിശ്വസ്തരായ ചുരുക്കം ചില ജീവനക്കാര്‍ക്കും അല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാരയുടെ താക്കോല്‍ മറ്റൊരു പെട്ടിയിലായിരുന്നു വെച്ചിരുന്നത്. ഈ പെട്ടി തുറന്ന് താക്കോല്‍ കൈക്കലാക്കിയാണ് അലമാര തുറന്നിരിക്കുന്നത്. പല തവണയായിട്ടാണോ മോഷണം നടന്നതെന്ന കാര്യവും പൊലീസ് പരിശോധിക്കും.

പിച്ചിപ്പൂ മൊട്ട് സ്വര്‍ണ പാദസരം, നാഗപട കമ്മല്‍, മാല എന്നിവയുള്‍പ്പെടെ 12 ഇനം ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ഏകദേശം രണ്ട് കോടി രൂപയാണ് ഇവയുടെ മതിപ്പ് വില.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.