ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളെ കോര്‍ത്തിണക്കാന്‍ ബഹിരാകാശത്ത് എ.ഐ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ശൃംഖല: ചൈന ഒരുങ്ങുന്നത് പുത്തന്‍ വിപ്ലവത്തിന്

ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളെ കോര്‍ത്തിണക്കാന്‍ ബഹിരാകാശത്ത് എ.ഐ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ശൃംഖല: ചൈന ഒരുങ്ങുന്നത് പുത്തന്‍ വിപ്ലവത്തിന്

ബെയ്ജിങ്: ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങള്‍ ഏറെ അത്ഭുതത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ നിരവധി സുപ്രധാന നേട്ടങ്ങളാണ് സ്വന്തമാക്കിയത്.

അയല്‍ രാജ്യമായ ചൈനയും ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു വന്‍ ബഹിരാകാശ പദ്ധതിക്ക് ഒരുങ്ങുകയാണ് ചൈന. ഭൂമിയെ ചുറ്റുന്ന ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ ലേസര്‍ ഉപയോഗിച്ച് ബന്ധപ്പെടുത്താന്‍ എ.ഐ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ശൃംഖല ബഹിരാകാശത്ത് വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന.

ചൈനയുടെ ബഹിരാകാശ നിലയമായ 'സ്‌കൈ നെറ്റ് ചൈന'യുടെ ശാസത്രജ്ഞരാണ് 30 ടെറാബൈറ്റ് സ്റ്റോറേജിലൂടെ ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമോയെന്ന് പരീക്ഷിക്കുന്നത്. ചെങ്ഡു ആസ്ഥാനമായ 'എഡിഎ സ്‌പേസ്' കഴിഞ്ഞ ആഴ്ചയാണ് തങ്ങളുടെ ഭീമന്‍ ശൃംഖലയിലെ ആദ്യത്തെ 12 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.

മെയ് 14 ന് വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നും ലോങ് മാര്‍ച്ച് 2ഡി റോക്കറ്റിലാണ് ഈ ഉപഗ്രഹങ്ങളെല്ലാം വിക്ഷേപിച്ചത്. ബഹിരാകാശത്തെ വിവരങ്ങള്‍ ഭൂമിയിലെ സ്റ്റേഷനുകളില്‍ കമ്പ്യൂട്ട് ചെയ്യുന്നതിന് പകരം ബഹിരാകാശത്തു വച്ച് തന്നെ പ്രോസസ് ചെയ്യാനാണ് ചൈനയുടെ ശ്രമം.

ഉപഗ്രഹങ്ങളില്‍ സംഭരിച്ചിരിക്കുന്ന ഡാറ്റ ബാച്ചുകള്‍ ഭൂമിയിലേക്ക് അയയ്ക്കുന്ന സമയത്ത് ചില വിവരങ്ങള്‍ നഷ്ടപ്പെടാം. പല പല കാരണങ്ങളാല്‍ ഡാറ്റയുടെ പത്ത് ശതമാനത്തില്‍ താഴെ മാത്രമേ ഭൂമിയിലെത്തൂ എന്നാണ് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ എഡിഎയുടെ 'സ്റ്റാര്‍ കമ്പ്യൂട്ട്' പദ്ധതിയുടെ ഭാഗമായി ഈ ഉപഗ്രഹങ്ങള്‍ ലേസര്‍ ഉപയോഗിച്ച് സെക്കന്‍ഡില്‍ 100 ജിബി വരെ വേഗത്തില്‍ അടുത്തുള്ള ഉപഗ്രഹങ്ങളുമായി ആശയ വിനിമയം നടത്താന്‍ കഴിയുന്ന സൂപ്പര്‍ ഫാസ്റ്റ് എ.ഐ പ്രോസസറുകളുമായി സംയോജിപ്പിക്കുന്നു.

നെറ്റ് വര്‍ക്കിന് വേണ്ടി അവയ്ക്കിടയില്‍ 30 ടെറാബൈറ്റ് മൂല്യമുള്ള സ്റ്റോറേജ് പങ്കിടാനും കഴിയും. കഴിഞ്ഞ ആഴ്ച വിക്ഷേപിച്ച 12 ഉപഗ്രഹങ്ങളും പേലോഡുകള്‍ വഹിച്ചിരുന്നു. എക്‌സ് റേ പോളറൈസേഷന്‍ ഡിറ്റക്ടര്‍ എന്നറിയപ്പെടുന്ന ഗാമാ റേ എക്‌സ്‌പ്ലോഷനുകളും കുറഞ്ഞ കോസ്മിക് പ്രതിഭാസങ്ങള്‍ എടുക്കുന്നതിനുള്ള പ്രത്യേക ഉപകരണങ്ങളും ഇതില്‍ ഉള്‍പ്പെടും. 3ഡി ഡിജിറ്റല്‍ ഡബിള്‍ ഡാറ്റകള്‍ സൃഷ്ടിച്ച് ഇവ ഉപയോഗിക്കാമെന്ന് 'എഡിഎ സ്പേസ്' തങ്ങളുടെ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26