ലാഹോര്‍: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിലേക്കുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ ഒരു ക്രിസ്ത്യന്‍ പ്രതിനിധി പോലും ഉള്‍പ്പെടുത്താത്തതില്‍ പാകിസ്ഥാനിലെ ക്രിസ്ത്യാനികള്‍ പ്രതിഷേധവുമായി രംഗത്ത്.
മൂന്നംഗ പാകിസ്ഥാന്‍ പ്രതിനിധി സംഘത്തില്‍ ഇസ്ലാം മത വിശ്വാസിയും സെനറ്റ് ചെയര്‍മാനുമായ യൂസഫ് റാസ ഗിലാനി, ഹിന്ദു-സംസ്ഥാന മതകാര്യ-മത ഐക്യ മന്ത്രി ഖേല്‍ ദാസ് കോഹിസ്ഥാനി, പഞ്ചാബ് പ്രവിശ്യാ ഗവണ്‍മെന്റിലെ ന്യൂനപക്ഷകാര്യ മന്ത്രിയും സിഖ് അംഗവുമായ രമേശ് സിംഗ് അറോറ എന്നിവരെയും ഉള്‍പ്പെടുത്തിയെങ്കിലും ക്രൈസ്തവ പ്രതിനിധിയെ ഒഴിവാക്കി.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് പ്രതിനിധി സംഘത്തെ തിരഞ്ഞെടുത്തതെന്നാണ് അറിയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് മെയ് 18 ന് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ തെരുവുകളില്‍ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ മാര്‍ച്ച് നടത്തി.
രാജ്യത്തെ ഏകദേശം മൂന്ന് ദശലക്ഷം ക്രൈസ്തവരെ വളരെ വേദനിപ്പിക്കുന്ന നടപടിയാണിതെന്ന് സംഘാടകര്‍ പറഞ്ഞു. പാക് ക്രൈസ്തവരെ തുടര്‍ച്ചയായി മാറ്റി നിര്‍ത്തുന്നതിന്റെ ഭാഗമാണിതെന്ന് ക്രിസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയായ മസിഹ മില്ലത്ത് പാര്‍ട്ടിയുടെ ചെയര്‍മാന്‍ അസ്ലം പെര്‍വൈസ് സഹോത്ര കുറ്റപ്പെടുത്തി.
ഇത്തരമൊരു പരിപാടിയില്‍ തങ്ങളുടെ പ്രാതിനിധ്യം അനിവാര്യമായിരുന്നു. പൂര്‍ണമായും ക്രൈസ്തവ കേന്ദ്രീകൃതമായ ചടങ്ങിലേക്ക് പാര്‍ലമെന്റിലുള്ള രണ്ട് ക്രിസ്ത്യന്‍ നിയമ നിര്‍മാതാക്കളെ ഉള്‍പ്പെടുത്താതെ ഒരു ഹിന്ദുവിനെയും സിഖുകാരനെയും മാത്രം നാമനിര്‍ദേശം ചെയ്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
പാക്കിസ്ഥാന്‍ പ്രെസ്ബിറ്റീരിയന്‍ ചര്‍ച്ചിന്റെ എക്യുമെനിസം ആന്‍ഡ് ഇന്റര്‍ഫെയ്ത്ത് ഹാര്‍മണി കമ്മീഷന്‍ ചെയര്‍മാന്‍ പാസ്റ്റര്‍ അംജദ് നിയാമത്തും സര്‍ക്കാരിന്റെ തീരുമാനത്തെ അപലപിച്ചു.
ബിഷപ്പുമാര്‍, വൈദികര്‍, സാധാരണ നേതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ള പാകിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹത്തിന് അവരുടെ വിശ്വാസത്തെയും രാഷ്ട്രത്തെയും പ്രതിനിധീകരിക്കാനുള്ള അവസരം നല്‍കേണ്ടതായിരുന്നുവെന്നു അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.