പുതിയ ആക്രമണം: ഗാസയിലെ സ്ഥിതി അസഹനീയം; ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തി യു.കെ

പുതിയ ആക്രമണം: ഗാസയിലെ സ്ഥിതി അസഹനീയം; ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തി യു.കെ

ലണ്ടന്‍: ഗാസയിലെ പുതിയ ആക്രമണങ്ങളില്‍ ഇസ്രയേലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി യു.കെ അറിയിച്ചു. ഇസ്രയേലി അംബാസിഡറെ വിളിച്ചുവരുത്തുകയും ചെയ്തതായാണ് വിവരം.

യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഗാസയിലെ യുദ്ധം ഇരുണ്ട പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പറഞ്ഞ യു.കെ വിദേശകാര്യ സെക്രട്ടറി അവിടെ മാനുഷിക ദുരന്തം രൂക്ഷമാകുന്നുവെന്നും സാധാരണ ജനങ്ങള്‍ പട്ടിണിയിലേക്ക് പോകുകയാണെന്നും പറഞ്ഞു.

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുകയും ഗാസയിലേക്ക് സഹായം എത്തുന്നത് തടയുന്നത് തുടരുകയും ചെയ്താല്‍ ഉപരോധങ്ങള്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുകെ, ഫ്രാന്‍സ്, കാനഡ എന്നി രാജ്യങ്ങള്‍ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യു.കെ ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചത്.

ഇസ്രായേല്‍ സര്‍ക്കാരുമായുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ തങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള റോഡ്മാപ്പ് 2030 അനുസരിച്ചുള്ള സഹകരണം പുനരവലോകനം ചെയ്യുമെന്നും അദേഹം പറഞ്ഞു. നെതന്യാഹു സര്‍ക്കാരിന്റെ നടപടികള്‍ ഇത് അനിവാര്യമാക്കിയെന്നും യു.കെ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. യു.കെയിലെ ഇസ്രായേല്‍ അംബാസഡറെ വിദേശകാര്യ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ലാമി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച യു.കെ, ഫ്രാന്‍സ്, കാനഡ എന്നി രാജ്യങ്ങളുടെ തലവന്‍മാര്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയത്. ഗാസയിലേക്കുള്ള സഹായം തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.

ബാക്കിയുള്ള ബന്ദികളെ വിട്ടയച്ചാല്‍, ഹമാസ് ആയുധം താഴെ വെച്ചാല്‍, അവരുടെ കൊലപാതകികളായ നേതാക്കളെ നാടുകടത്തിയാല്‍, ഗാസയില്‍ നിന്ന് ഹമാസിനെ പുറത്താക്കിയാല്‍ നാളെ യുദ്ധം അവസാനിക്കും എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ് ഇതിനോട് പ്രതികരിച്ചത്. ആ നിലപാടില്‍ നിന്ന് മാറുമെന്ന് ഒരു രാഷ്ട്രവും പ്രതീക്ഷിക്കേണ്ടെന്നും ഇസ്രയേല്‍ മറുപടി നല്‍കുകയുണ്ടായി. അതേസമയം അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതോടെ ഗാസയിലേക്ക് 100 സഹായ ട്രക്കുകള്‍ എത്തിക്കാന്‍ ഇസ്രയേല്‍ ഐക്യരാഷ്ട്രസഭയ്ക്ക് അനുമതി നല്‍കിയിട്ടുള്ളതായാണ് വിവരം.

ഇതിനിടെ ഇസ്രയേലി മന്ത്രിമാര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് സ്വീഡിഷ് ധനകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.