'വോക്കല്‍ ഫോര്‍ ലോക്കല്‍' അംഗീകരിച്ച് കൂടുതല്‍ ഇന്ത്യക്കാര്‍ രാജ്യത്ത് തന്നെ അവധിക്കാലം ചെലവഴിക്കുന്നു'; തുര്‍ക്കി ബഹിഷ്‌കരണ ക്യാമ്പെയിനിടെ പ്രധാനമന്ത്രി

'വോക്കല്‍ ഫോര്‍ ലോക്കല്‍' അംഗീകരിച്ച് കൂടുതല്‍ ഇന്ത്യക്കാര്‍ രാജ്യത്ത് തന്നെ അവധിക്കാലം ചെലവഴിക്കുന്നു'; തുര്‍ക്കി ബഹിഷ്‌കരണ ക്യാമ്പെയിനിടെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഒട്ടേറെ ഇന്ത്യക്കാര്‍ രാജ്യത്തിനകത്ത് തന്നെ അവധിക്കാലം ചെലവഴിക്കാന്‍ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തുര്‍ക്കിക്കെതിരെ ഇന്ത്യയില്‍ ബഹിഷ്‌കരണ ക്യാമ്പെയിന്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തുര്‍ക്കിയില്‍ അവധിക്കാലം ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്ന ഒരുപാട് പേര്‍ അത് റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മോഡിയുടെ പരാമര്‍ശം.

'വോക്കല്‍ ഫോര്‍ ലോക്കല്‍' ആഹ്വാനം അംഗീകരിച്ചുകൊണ്ടാണ് ഇന്ത്യക്കാര്‍ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും മോഡി അഭിപ്രായപ്പെട്ടു. ഈ ക്യാമ്പെയിനിന് ശേഷം 'വോക്കല്‍ ഫോര്‍ ലോക്ക'ലിനെ സംബന്ധിച്ച് രാജ്യത്താകെ ഒരു നവോന്മേഷം പ്രകടമാണ്. ഒരു രക്ഷിതാവ് പറഞ്ഞു, തങ്ങള്‍ ഇപ്പോള്‍ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത കളിപ്പാട്ടങ്ങള്‍ മാത്രമാണ് വാങ്ങുന്നത്. രാജ്യ സ്നേഹം കുട്ടിക്കാലം മുതല്‍ കുട്ടിക്കാലം മുതല്‍ തന്നെ തുടങ്ങട്ടെ എന്ന്. ചില കുടുംബങ്ങള്‍ പ്രതിജ്ഞയെടുത്തു, തങ്ങള്‍ അടുത്ത അവധിക്കാലം ഇന്ത്യയില്‍ തന്നെയുള്ള മനോഹരമായ ഏതെങ്കിലും സ്ഥലത്ത് ചെലവഴിക്കുമെന്ന്. ഒട്ടേറെ ചെറുപ്പക്കാര്‍ ഇന്ത്യയില്‍ വെച്ചുതന്നെ വിവാഹം നടത്തുമെന്ന് പറഞ്ഞ് 'വെഡ് ഇന്‍ ഇന്ത്യ' പ്രതിജ്ഞയെടുക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ കൂട്ടത്തോടെ തുര്‍ക്കിയും അസര്‍ബൈജാനും ഒഴിവാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോഡിയുടെ പരാമര്‍ശം മന്‍ കി ബാത്തില്‍ വന്നത്. ഇരുരാജ്യങ്ങളും പാകിസ്ഥാനെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ചാണ് ഇന്ത്യക്കാര്‍ ബഹിഷ്‌കരണം തുടങ്ങിയത്. ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനിടെ പാകിസ്ഥാന്‍ തുര്‍ക്കി നിര്‍മിത ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. എന്നാല്‍ ഈ ആക്രമണ ശ്രമങ്ങള്‍ പൂര്‍ണമായി പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.

തുര്‍ക്കിയിലും അസര്‍ബൈജാനിലും നടത്താനിരുന്ന ഒട്ടേറെ വിവാഹങ്ങളും കോര്‍പ്പറേറ്റ് ഇവന്റുകളും ഇതിനോടകം പുനക്രമീകരിക്കുകയോ മാറ്റുകയോ ചെയ്തതായി നിരവധി ഇവന്റ് മാനേജര്‍മാരെ ഉദ്ധരിച്ചുകൊണ്ട് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല ഉപയോക്താക്കളും ഇപ്പോള്‍ യുഎഇ, രാജസ്ഥാന്‍ പോലുള്ള സ്ഥലങ്ങളാണ് പരിഗണിക്കുന്നത്. ദമ്പതികള്‍ക്ക് വിസ ഫീസില്‍ ഇളവ് നല്‍കുന്നതിനാല്‍ ഇപ്പോള്‍ പലരുടേയും പ്രിയപ്പെട്ട സ്ഥലം ബഹ്റൈന്‍ ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.