തിരുവനന്തപുരം: സംസ്ഥാനത്തെ ഫ്‌ളാറ്റ്, അപ്പാര്‍ട്ട്മെന്റ് ഉടമകള്‍ക്ക് സ്വന്തം പേരില്‍ ഭൂനികുതി അടയ്ക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ ഭൂമി വ്യക്തിഗതമായി ഭാഗിക്കാത്ത (അണ്‍ഡിവൈഡഡ് ഷെയര്‍) സാഹചര്യത്തില്‍ കൂട്ടവകാശമായി മാത്രമേ നികുതി ഒടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനാല്‍ ബാങ്ക് വായ്പയടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഭൂനികുതി രസീത് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഉടമസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ നടപടി.
ഇങ്ങനെ നികുതി അടയ്ക്കാന്‍ സാധിക്കാത്തിനാല്‍ ഉയര്‍ന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ റവന്യൂ മന്ത്രി കെ. രാജന്‍ റവന്യൂ, സര്‍വേ, നിയമ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭൂവുടമയുടെ പേരില്‍ ഭൂനികുതി അടയ്ക്കുന്നിടത്ത്, ഫ്‌ളാറ്റ് കൈമാറ്റം ചെയ്യണമെങ്കില്‍, ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശത്തോടൊപ്പം ഭൂമിയുടെ ഉടമസ്ഥാവകാശവും കൈമാറ്റം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ അനുമതി നല്‍കാവൂ എന്ന് റവന്യൂ വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഓരോ ഫ്‌ളാറ്റിനും അപ്പാര്‍ട്ട്മെന്റിനും പ്രത്യേകം തണ്ടപ്പേരും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും അനുവദിക്കും. ഇതിനായി ഫ്‌ളാറ്റ്, അപ്പാര്‍ട്ട്മെന്റ് ഉടമകള്‍ പ്രമാണത്തിന്റെ പകര്‍പ്പുസഹിതം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫ്‌ളാറ്റുകള്‍ കൈമാറുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം കൂടി ആധാരപ്രകാരം കൈമാറിയിട്ടുണ്ടെങ്കില്‍ മാത്രം പോക്കുവരവ് അനുവദിച്ചാല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഭൂമിയുടെ അവകാശം കൈമാറിയിട്ടില്ലെങ്കില്‍ ഭൂവുടമ നികുതി അടയ്ക്കുന്ന നിലവിലെ രീതി തുടരും. ഇത് ഉദ്യോഗസ്ഥര്‍ ആധാരം പരിശോധിച്ച് ഉറപ്പാക്കണം.
അതിന് ശേഷം ഫ്‌ളാറ്റ് ഉടമയുടെ നിലവിലുള്ള തണ്ടപ്പേരിന്റെ സബ് നമ്പര്‍ നല്‍കി പോക്കുവരവ് നടത്തും. ഉദാഹരണമായി 100 എന്ന തണ്ടപ്പേരുള്ള ഭൂമിയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒരു ഫ്‌ളാറ്റ് എ എന്ന വ്യക്തിയും മറ്റൊരു ഫ്‌ളാറ്റ് ബി എന്ന വ്യക്തിയും വാങ്ങിയാല്‍ എ യ്ക്ക് 100/1 എന്ന തണ്ടപ്പേരും ബി ക്ക് 100/2 എന്ന തണ്ടപ്പേരും നല്‍കണം. ഇത്തരം കേസുകളില്‍ മാതൃ തണ്ടപ്പേരിലെ എല്ലാ സര്‍വേ നമ്പരും ഉപതണ്ടപ്പേരുകളില്‍ അഥവാ സബ് തണ്ടപ്പേരില്‍ ചേര്‍ക്കണം. പുതിയ തണ്ടപ്പേര് രൂപീകരിക്കുമ്പോള്‍ മാതൃതണ്ടപ്പേരില്‍ നിന്ന് ഭൂമിയുടെ ആനുപാതിക വിസ്തീര്‍ണം കുറയ്ക്കണം. മുഴുവന്‍ ഭൂമിയുടെയും വിസ്തീര്‍ണത്തിന് തുല്യമായ അവകാശം നല്‍കിക്കഴിഞ്ഞാല്‍ മാതൃതണ്ടപ്പേര്‍ ശൂന്യവും പ്രവര്‍ത്തനരഹിതവുമാക്കണം.
നിലവിലുള്ള ഭൂവുടമകള്‍ക്ക് ഭൂനികുതി അടയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ബാക്ക്ലോഗ് എന്‍ട്രി സംവിധാനം സൃഷ്ടിക്കുകയും ഫ്‌ളാറ്റുകളിലെ എല്ലാ താമസക്കാരും നികുതി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. സുനാമി ബാധിത പുനരധിവാസ ഫ്‌ളാറ്റിലെ താമസക്കാര്‍ക്കും ഭൂനികുതി അടവ് സംവിധാനം നടപ്പാക്കണം.
ഭൂമിയുടെ അവകാശത്തോടൊപ്പം വിസ്തീര്‍ണം സൂചിപ്പിക്കാതെ, വിഭജിക്കാത്ത ഭൂമിയില്‍ അവകാശം കൈമാറുന്ന കേസുകളില്‍ നികുതി രസീതില്‍ 'അണ്‍ ഡിവൈഡഡ് ഷെയര്‍' (യുഡി) എന്ന് രേഖപ്പെടുത്തണം. തുടര്‍ന്ന് തദ്ദേശ ഭരണ പ്രദേശത്ത് ബാധകമായ നിരക്കില്‍ ആകെ ഭൂവിസ്തൃതി, ഫ്‌ളാറ്റ് ഉടമകളുടെ എണ്ണംകൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഭൂവിസ്തൃതിക്ക് ബാധമാക്കിയുള്ള നികുതിയോ മിനിമം തുകയായി ഒരു ആറിനുള്ള( ഒരു ആര്‍ എന്നാല്‍ 02.47 സെന്റ് അഥവാ രണ്ട് സെന്റും 470 ചതുരശ്ര ലിങ്‌സുമാണ്. രണ്ടര സെന്റിന് 30 ചതുരശ്ര ലിങ്‌സ് കുറവ് അല്ലെങ്കില്‍ 100 ചതുരശ്രമീറ്റര്‍) നികുതിയോ ഏതാണോ കൂടുതല്‍ അത് ഈടാക്കണം.
ഓരോ ഉപതണ്ടപ്പേര്‍ കക്ഷിക്കും അവിഭക്താവകാശം രേഖപ്പെടുത്തി പ്രത്യേകം കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.