സിറിയയിൽ ദേവാലയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം: അതീവ ദുഖം രേഖപ്പെടുത്തി ലിയോ പാപ്പ

സിറിയയിൽ ദേവാലയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം: അതീവ ദുഖം രേഖപ്പെടുത്തി ലിയോ പാപ്പ

വത്തിക്കാൻ സിറ്റി: സിറിയയിലെ ഡമാസ്കസിലെ സെന്റ് ഏലിയാസ് ദേവാലയത്തിന് നേരെ ഇസ്ലാമിക തീവ്രവാദികൾ‌ നടത്തിയ ചാവേർ ബോംബാക്രമണത്തിൽ അതീവ ദുഖം രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. ആക്രമത്തിന്റെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും അനുശോചനവും പ്രാർഥനയുമറിയിച്ച് പാപ്പ സന്ദേശം പങ്കുവയ്ച്ചു.

'സെന്റ് ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയുള്ള ആക്രമണത്തിലുണ്ടായ ജീവഹാനിയും നാശവും അറിഞ്ഞതിൽ താൻ അതീവദുഖിതനാണ്. ദുരന്തത്തിൽ ഇരകളായ എല്ലാവരോടും പൂർണഹൃദയത്തോടെയുള്ള സാമീപ്യം അറിയിക്കുന്നു' – പാപ്പ സന്ദേശത്തിൽ കുറിച്ചു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ പാപ്പ അനുസ്മരിച്ചു. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഖിക്കുന്നവർക്കുവേണ്ടിയും പരിക്കേറ്റവരുടെ വീണ്ടെടുപ്പിനുവേണ്ടിയും പാപ്പ പ്രാർഥിക്കുകയും ചെയ്തു.

അതിനിടെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ അനുസ്മരിച്ചുകൊണ്ട് ദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തി. അന്ത്യോക്യയിലെയും കിഴക്കൻ പ്രദേശങ്ങളിലെയും ഗ്രീക്ക് ഓർത്തഡോക്സ് പാത്രീയാര്‍ക്കീസ് ​​ജോൺ പത്താമന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്ന സെന്റ് ഏലിയാസ് പള്ളിയിൽ പ്രത്യേക പ്രാർത്ഥന നടത്തിയത്. ഡമാസ്കസിൽ നിന്നുള്ള നിരവധി മെത്രാന്മാര്‍, വൈദികര്‍, സഭയുടെ വിവിധ ശ്രേണികളില്‍ ഉള്ളവര്‍, വിശ്വാസികള്‍ എന്നിവര്‍ പ്രാർത്ഥനയിൽ പങ്കെടുത്തു.

ഞായറാഴ്‌ചയാണ് ഡമാസ്കസിലെ ക്രിസ്‌ത്യൻ മേഖലയായ അൽദുവൈലയിൽ സ്ഥിതി ചെയ്യുന്ന സെന്റ് ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ പ്രാര്‍ത്ഥന നടക്കുന്നതിനിടെ ആക്രമണമുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 27 പേരാണ് കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.