ടെക്സസ്: ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 43 പേർ മരിച്ചതായി റിപ്പോർട്ട്. സംഭവ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. ഇതുവരെ ഏകദേശം 850 ഓളം പേരെ രക്ഷപ്പെടുത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. 1700 അധികം ആളുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
നദിക്കരയിലുള്ള ഒരു ക്രിസ്ത്യൻ യുവജന ക്യാമ്പിൽ നിന്ന് 27ഓളം കുട്ടികളെ കാണാതായതായി കൗണ്ടി ഉദ്യോഗസ്ഥർ അറിയിച്ചു. "അപകടത്തിന് ഇരയായ ഓരോ വ്യക്തിയെയും കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ അക്ഷീണം ശ്രമിക്കും. ഇതിന് ശേഷമേ അവർ അവരുടെ ജോലി നിർത്തുകയുള്ളൂ". ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു.
അടിയന്തര സാഹചര്യം നേരിടാൻ തൻ്റെ ഭരണകൂടം പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. തിരച്ചിൽ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഫെഡറൽ സർക്കാർ കോസ്റ്റ് ഗാർഡിനെ വിന്യസിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.
മണിക്കൂറുകൾ പിന്നിടുംന്തോറും അതിജീവിച്ചവരെ കണ്ടെത്താനുള്ള സാധ്യത കുറഞ്ഞുവരികയാണെന്ന് ടെക്സസ് ഡിവിഷൻ ഓഫ് എമർജൻസി മാനേജ്‌മെൻ്റ് മേധാവി നിം കിഡ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചയോടെ നദിയിൽ 26 അടി (എട്ട് മീറ്റർ) ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. നിരവധി വീടുകളും വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി.
ഈ വാരാന്ത്യത്തിലും സെൻട്രൽ ടെക്സസിൽ കൂടുതൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.