കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആറ് വയസുകാരിയെ വിവാഹം കഴിക്കാനുള്ള നാല്‍പത്തഞ്ചുകാരന്റെ ശ്രമം താലിബാന്‍ ഭരണകൂടം തടഞ്ഞു. പക്ഷേ, കുട്ടിക്ക് ഒമ്പത് വയസായാല്‍ വിവാഹം കഴിക്കാമെന്നും താലിബാന്‍ നേതാക്കള്‍ വ്യക്തമാക്കി!.. ഡെയ്‌ലി മെയില്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലെ മാര്‍ജാ ജില്ലയിലാണ് വിചിത്രമായ ഈ സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവരം അറിഞ്ഞെത്തിയ താലിബാന്‍ സംഘം വിവാഹം നടത്താന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ആറ് വയസ് മാത്രമേയുള്ളൂവെന്നും ഒമ്പത് വയസാകാതെ വിവാഹം നടത്താന്‍ പറ്റില്ലെന്നുമായിരുന്നു താലിബാന്റെ നിര്‍ദേശം.
എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയെ പണത്തിന് വേണ്ടി വിറ്റതാണെന്നും ഇതിന് പിന്നാലെയാണ് നാല്‍പ്പത്തഞ്ചുകാരനുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാള്‍ക്ക് നിലവില്‍ രണ്ട് ഭാര്യമാരുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷവും സമാനമായ ഒരു കേസ് അഫ്ഗാനിസ്ഥാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
2021 ല്‍ രണ്ടാമതും അധികാരത്തിലേറിയ താലിബാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ശൈശവ വിവാഹങ്ങളില്‍ 25 ശതമാനം വര്‍ധനവ് ഉണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം രാജ്യത്തെ ജനന നിരക്കില്‍ 45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.