പത്ത് ലക്ഷം രൂപ, മകന് സര്‍ക്കാര്‍ ജോലി; മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം

പത്ത്  ലക്ഷം രൂപ, മകന് സര്‍ക്കാര്‍ ജോലി;  മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. 10 ലക്ഷം രൂപ ധനസഹായമായി കുടുംബത്തിന് നല്‍കും. ഒപ്പം ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ബിന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച മന്തിമാരായ വി.എന്‍ വാസവനും വീണാ ജോര്‍ജും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ബിന്ദുവിന്റെ വീട് നവീകരിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണില്‍ വിളിച്ചാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതര്‍ എത്രയും വേഗം നടപടികള്‍ വിലയിരുത്തും. താമസം കൂടാതെ നിര്‍മാണം തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ജൂലൈ മൂന്നിന് രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണ് ബിന്ദു മരിച്ചത്. കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. മകള്‍ നവമിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയതായിരുന്നു ബിന്ദു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.