ന്യൂയോർക്കിലും ന്യൂജേഴ്സിയിലും മിന്നൽ പ്രളയം; രണ്ട് മരണം; നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി

ന്യൂയോർക്കിലും ന്യൂജേഴ്സിയിലും മിന്നൽ പ്രളയം; രണ്ട് മരണം; നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി

ന്യൂയോർക്ക്: ന്യൂജഴ്‌സിയിലും ന്യൂയോർക്കിലും മിന്നൽ പ്രളയം. മഴക്കെടുതിയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ന്യൂജേഴ്‌സിയുടെ ചരിത്രത്തിൽ ഇതുവരെയും കാണാത്ത പ്രളയമാണ് ഉണ്ടായതെന്ന് ഗവർണർ ഫിൽ മർഫി പറഞ്ഞു. മിന്നൽ പ്രളയത്തെ തുടർന്ന് ന്യുജേഴ്സിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തിങ്കളാഴ്ചയുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും ന്യൂയോർക്ക് നഗരം വെള്ളത്തിലായി. പ്ലാറ്റ്‌ഫോമുകളിലേക്കും മെട്രോ ട്രെയിനുകളിലേക്കും വെള്ളം ഇരച്ചുകയറി. ഇതോടെ ന്യൂയോർക്ക് സിറ്റി സബ്‌വേ സംവിധാനം താറുമാറായി.

വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും മഴ സാരമായി ബാധിച്ചു. ചില വിമാന സർവീസുകൾ റദ്ദാക്കി. മലിന ജലം റോഡിലേക്ക് ഒഴുകിയെത്തിയതോടെ വാഹന ഗതാഗതവും തടസപ്പെട്ടു. ന്യൂജേഴ്സിയിലെ പ്രധാന റോഡുകളിൽ പലതും നിലവിൽ അടച്ചിട്ടിരിക്കുകയാണ്.

വീണ്ടും കൊടുങ്കാറ്റ് വീശുമെന്ന മുന്നറിയിപ്പും പുറത്തുവന്നു. ഇതോടെ വടക്ക്‌ കിഴക്കൻ മേഖലയിലും ഫ്ലോറിഡയിലും മധ്യപടിഞ്ഞാറൻ അമേരിക്കയിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു. ന്യൂജേഴ്സിയിൽ നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം ടെക്സസില്‍ കനത്ത മഴയിലും മിന്നൽപ്രളയത്തിലും 109 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ 28 കുട്ടികളുമുണ്ടായിരുന്നു. കെർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഇതിൽ 26 പേരെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പ്രദേശത്ത് നദികളിലെ ജലനിരപ്പ് ഉയർന്നതോടെ നിരവധി വീടുകളാണ് ഒലിച്ചുപോയത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.