സുപ്രധാന നീക്കവുമായി യുകെ; തിരഞ്ഞെടുപ്പുകളിൽ വോട്ടിങ് പ്രായം 16 ആക്കും

സുപ്രധാന നീക്കവുമായി യുകെ; തിരഞ്ഞെടുപ്പുകളിൽ വോട്ടിങ് പ്രായം 16 ആക്കും

ലണ്ടൻ : ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി വോട്ടിങ് പ്രായം 18-ൽ നിന്ന് 16 ആക്കി കുറയ്ക്കാൻ ബ്രിട്ടന്റെ തീരുമാനം. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ 59.7 ആയിരുന്നു വോട്ടിങ് ശതമാനം. 2001നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമായിരുന്നു ഇത്. വോട്ടിങ് ശതമാനത്തിലെ കുറവ് സംബന്ധിച്ച ആശങ്കകൾക്കിടെയാണ് പുതിയ പ്രഖ്യാപനം.

ബ്രിട്ടനിൽ വോട്ടിങ് പ്രായം അവസാനമായി മാറ്റിയത് 1969 ലാണ്. അന്ന് അത് 21 ൽ നിന്ന് 18 ആയാണ് കുറച്ചത്. പാർലമെന്റിന്റെ അംഗീകാരത്തിന് ശേഷം ഈ മാറ്റം നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ സർക്കാർ അറിയിച്ചു. 16-17 വയസ് പ്രായമുള്ള കൗമാരക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരവും ഇത് നൽകുമെന്ന് സർക്കാർ പറയുന്നു. ഈ പ്രായത്തിലുള്ള നിരവധി യുവാക്കൾ ഇതിനകം സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

“വളരെക്കാലമായി നമ്മുടെ ജനാധിപത്യത്തിലുള്ള പൊതു ജന വിശ്വാസം നഷ്ടപ്പെട്ടു, നമ്മുടെ സ്ഥാപനങ്ങളിലുള്ള വിശ്വാസം കുറഞ്ഞു. ബ്രിട്ടന്റെ ജനാധിപത്യത്തിൽ കൂടുതൽ ആളുകൾക്ക് ഇടപെടാൻ അവസരം ഉറപ്പാക്കുന്നതിന് പങ്കാളിത്തത്തിനുള്ള തടസങ്ങൾ നീക്കാൻ ഞങ്ങൾ നടപടിയെടുക്കുന്നു. 16 വയസുള്ളവർക്ക് വോട്ടവകാശം നൽകുമെന്ന ഞങ്ങളുടെ പ്രകടന പത്രികയിലെ വാഗ്ദാനം ഞങ്ങൾ നിറവേറ്റുകയാണ്” – ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പറഞ്ഞു.

പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ കൗമാരക്കാർക്ക് വോട്ടുചെയ്യാൻ അനുമതി നൽകുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടനും ഇടം നേടും. ഇന്തോനേഷ്യ (17), ഉത്തരകൊറിയ (17), ഗ്രീസ് (17), തിമോർ-ലെസ്റ്റെ (17), ബ്രസീൽ (16), അർജന്റീന (16), ഇക്വഡോർ (16), ക്യൂബ (16), ഓസ്ട്രിയ (16), നിക്കരാഗ്വ (16), മാൾട്ട (16), ഐൽ ഓഫ് മാൻ (16) എന്നിവ 18 വയസ്സിന് താഴെയുള്ളവർക്ക് വോട്ടവകാശം നൽകിയ രാജ്യങ്ങളാണ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.