ഇന്ത്യ-പാക് സംഘര്‍ഷം: അഞ്ച് ജെറ്റ് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യ-പാക് സംഘര്‍ഷം: അഞ്ച് ജെറ്റ് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ അഞ്ച് ജെറ്റ് വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഏതാനും റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ക്കൊപ്പമുള്ള അത്താഴവിരുന്നിനിടെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍ തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാകിസ്ഥാന്റേതാണോ എന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ല.

മാത്രമല്ല വ്യാപാര കരാര്‍ ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിച്ചു. തങ്ങള്‍ കുറേ യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം ഗുരുതരമായിരുന്നു. വിമാനങ്ങള്‍ വെടിവെച്ചിടുകയായിരുന്നു. യഥാര്‍ഥത്തില്‍ അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടെന്നാണ് തോന്നുന്നത്. രണ്ടും ആണവ രാജ്യങ്ങളാണ്. അവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

പുതിയ യുദ്ധമുഖം തുറക്കുന്നുവെന്നാണ് കരുതിയത്. ഇറാനില്‍ എന്താണ് ചെയ്തതെന്ന് കണ്ടതല്ലേ. അവിടെ തങ്ങള്‍ അവരുടെ ആണവ ശേഷി പൂര്‍ണമായും തകര്‍ത്തു. പക്ഷേ ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷവുമായി മുന്നോട്ടുപോകുകയായിരുന്നു. അത് വലുതായിക്കൊണ്ടിരുന്നു. ഒടുവില്‍ വ്യാപാര കരാര്‍ മുന്‍നിര്‍ത്തി തങ്ങള്‍ അത് പരിഹരിച്ചു. നിങ്ങള്‍ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചു. നിങ്ങള്‍ ആണവായുധങ്ങള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടാന്‍ പോകുകയാണെങ്കില്‍ നിങ്ങളുമായി ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.

പോരാട്ടത്തിനിടെ നിരവധി ഹൈടെക് പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തതായി മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ച് ദിവസങ്ങള്‍ക്ക് ശേഷം എയര്‍ മാര്‍ഷല്‍ എ.കെ ഭാരതി വ്യക്തമാക്കിയിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.