ലണ്ടന്‍: കഴിഞ്ഞ ആറ് മാസത്തിനിടെ പാസ്‌പോര്‍ട്ട് റാങ്കിങില്‍ മുന്നേറ്റമുണ്ടാക്കി ഇന്ത്യ. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 85-ാം സ്ഥാനത്ത് നിന്ന് ഇന്ത്യ 77-ാം സ്ഥാനത്തെത്തി. നിലവില്‍ 59 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പോകാന്‍ കഴിയും.
എന്നാല്‍ ബ്രിട്ടണും അമേരിക്കയും റാങ്കിങില്‍ താഴേക്ക് പോയി. ബ്രിട്ടണ്‍ ആറാം സ്ഥാനത്തും അമേരിക്ക പത്താം സ്ഥാനത്തുമാണ്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുള്ള രാജ്യം 2025 ന്റെ രണ്ടാം പകുതിയിലും സിങ്കപ്പൂര്‍ തന്നെയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് സിങ്കപ്പൂര്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 227 രാജ്യങ്ങളില്‍ വിസയില്ലാതെ പോകാം.
ജപ്പാനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 190 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാം. അഫ്ഗാനിസ്ഥാന്റേതാണ് ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട്. അവര്‍ക്ക് 25 രാജ്യങ്ങളില്‍ മാത്രമേ വിസയില്ലാതെ പോകാന്‍ കഴിയൂ.
അതേസമയം ജനുവരി മുതല്‍ നാല് രാജ്യങ്ങളിലേക്കു കൂടി വിസാ രഹിത യാത്ര അനുവദിച്ചതിനാല്‍ സൗദി അറേബ്യ ഇപ്പോള്‍ റാങ്കിങില്‍ 54-ാമതാണ്. സൗദിക്കാര്‍ക്ക് 91 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാം.
ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നീ ഏഴ് യൂറോപ്യന്‍ യൂണിയന്‍ പാസ്പോര്‍ട്ടുകള്‍ക്ക് 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാം. ഈ രാജ്യങ്ങളെല്ലാം സൂചികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.
ഓസ്ട്രിയ, ബെല്‍ജിയം, നോര്‍വേ, പോര്‍ച്ചുഗല്‍, സ്വീഡന്‍, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 188 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനമുണ്ട്. ഇവര്‍ നാലാം സ്ഥാനത്താണുള്ളത്. ന്യൂസിലന്‍ഡ്, ഗ്രീസ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവ അഞ്ചാം സ്ഥാനത്താണ്.
യുഎഇ ഇപ്പോള്‍ എട്ടാം സ്ഥാനത്താണുള്ളത്. ചൈന 60-ാം സ്ഥാനത്തെത്തി. പാസ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ ലോകം കൂടുതല്‍ തുറന്ന സമീപനം സ്വീകരിക്കുന്നതായി ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക വിലയിരുത്തുന്നു. ലോകത്തെമ്പാടും യാത്രക്കാരുടെ എണ്ണം കൂടുന്നുണ്ട്. പാസ്പോര്‍ട്ടുകളുടെ ശക്തി വര്‍ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.