യുവജന ജൂബിലി: വാഴ്ത്തപ്പെട്ട പിയര്‍ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരവും കാർലോ അക്യൂട്ടിസിന്റെ തിരുശേഷിപ്പും റോമിലെത്തിക്കും

യുവജന ജൂബിലി: വാഴ്ത്തപ്പെട്ട പിയര്‍ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരവും കാർലോ അക്യൂട്ടിസിന്റെ തിരുശേഷിപ്പും റോമിലെത്തിക്കും

റോം: ജൂലൈ 26 മുതല്‍ ഓഗസ്റ്റ് നാല് വരെ റോമിൽ നടക്കുന്ന യുവജന ജൂബിലിയിൽ‌ വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരവും കാർലോ അക്യൂട്ടിസിന്റെ തിരുശേഷിപ്പും വണക്കത്തിനായി എത്തിക്കും. ടൂറിനിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന വാഴ്ത്തപ്പെട്ട പിയര്‍ ഫ്രാസാറ്റിയുടെ മൃതപേടകം റോമിലെ സാന്താ മരിയ സോപ്ര മിനര്‍വയിലെ ബസിലിക്കയിലാണ് വണക്കത്തിനായി എത്തിക്കുക. സാൻ മാർസെല്ലോ അൽ കോർസോ ദേവാലയത്തിലാണ് വാഴ്ത്തപ്പെട്ട കാർലോയുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കുക.

1901-ല്‍ ടൂറിനിലെ ഒരു പ്രമുഖ കുടുംബത്തിലാണ് ഫ്രാസാറ്റി ജനിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയും ദരിദ്രര്‍ക്ക് നല്‍കിയ സേവനത്തിലൂടെയും വിശ്വാസ ജീവിതത്തില്‍ വളര്‍ന്നുവന്ന അദേഹം ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ അംഗമായി ചേര്‍ന്നു. പര്‍വതാരോഹണം പോലുള്ള സാഹസിക വിനോദങ്ങളില്‍ തല്‍പ്പരനായിരുന്നു ഫ്രാസാറ്റി. ആല്‍പൈന്‍ കൊടുമുടികള്‍ക്കൊപ്പം ടൂറിനിലെ ഏറ്റവും ദരിദ്രരായ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്തുകൊണ്ട് വിശുദ്ധിയുടെ കൊടുമുടികളും ഫ്രാസാറ്റി നടന്നുകയറി.

1925 ജൂലൈ നാലിന് പോളിയോ ബാധിച്ച് അന്തരിച്ച പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ മരണശതാബ്ദി വടക്കന്‍ ഇറ്റലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആചരിച്ചിരുന്നു. 1981-ല്‍ ഫ്രാസാറ്റിയുടെ നാമകരണനടപടികളുടെ ഭാഗമായി അദേഹത്തിന്റെ മൃതപേടകം തുറന്നപ്പോഴാണ് ശരീരം അഴുകാത്തതായി കണ്ടെത്തിയത്.

1991ല്‍ ജനിച്ച കാര്‍ലോ ചെറുപ്പം മുതല്‍ ദിവ്യകാരുണ്യത്തോട് അഗാധമായ ബന്ധം പുലര്‍ത്തിയിരുന്നു. 2006-ല്‍ അര്‍ബുദം ബാധിച്ച് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അക്യുട്ടിസ് ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കുന്നതിനായി തന്റെ സാങ്കേതിക കഴിവുകള്‍ ഉപയോഗിച്ചു. ദിവ്യകാരുണ്യത്തെ ‘സ്വര്‍ഗത്തിലേക്കുള്ള എന്റെ ഹൈവേ’ എന്നാണ് അക്യുട്ടിസ് വിശേഷിപ്പിച്ചിരുന്നത്.

സെപ്റ്റംബർ ഏഴിന് വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ ലിയോ പതിനാലാമൻ മാർപാപ്പ ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.