യുവജന ജൂബിലി: ആയിരത്തിലധികം ഡിജിറ്റൽ മിഷനറിമാരും കത്തോലിക്കാ ഇൻഫ്ളുവൻസർമാരും റോമിൽ ഒത്തു കൂടും

യുവജന ജൂബിലി: ആയിരത്തിലധികം ഡിജിറ്റൽ മിഷനറിമാരും കത്തോലിക്കാ ഇൻഫ്ളുവൻസർമാരും റോമിൽ ഒത്തു കൂടും

റോം: ആ​ഗോള കത്തോലിക്കാ സഭയുടെ യുവജന ജൂബിലി സമ്മേളനത്തിനിടെ റോമിൽ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ഡിജിറ്റൽ മിഷനറിമാരും കത്തോലിക്കാ ഇൻഫ്ളുവൻസർമാരും ഒത്തു കൂടും. ജൂലൈ 28, 29 തിയതികളിൽ നടക്കുന്ന ഡിജിറ്റൽ മിഷനറിമാരുടെയും കത്തോലിക്കാ ഇൻഫ്ളുവൻസർമാരുടെയും സമ്മേളനത്തിൽ ആയിരത്തിലധികം പേർ പങ്കെടുക്കും.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന യുവജന ജൂബിലി വേളയിൽ, വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർത്ഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർത്ഥനകൾ, ആരാധനകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്

ടിക് ടോക്കിൽ 20 ലക്ഷത്തിത്തിലധികവും ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മെക്സിക്കൻ പുരോഹിതനും എഴുത്തുകാരനുമായ ഫാദർ ഹെരിബർട്ടോ ഗാർസിയ അരിയാസ് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും.

കത്തോലിക്കാ ഇൻഫ്ളുവൻസറും ഡിജിറ്റൽ മിഷനറിയും തമ്മിൽ വിത്യാസം ഉണ്ടെന്ന് ഫാദർ ഹെരിബർട്ടോ ഗാർസിയ EWTN ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. “ രണ്ട് പേരുടെയും ഉദേശ്യം വ്യത്യസ്തമാണ്. രണ്ടുപേരും മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇൻഫ്ളുവൻസർക്ക് തന്റെ മൂല്യങ്ങൾക്കനുസൃതമായി ഉള്ളടക്കം വാഗ്ദാനം ചെയ്യാനും വിൽക്കാനും കഴിയും. അതേസമയം ഡിജിറ്റൽ മിഷനറി ക്രിസ്തുവിന്റെ അനുഭവം സോഷ്യൽ മീഡിയയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.”- ഫാ പറഞ്ഞു.

യുവതലമുറകൾ സോഷ്യൽ മീഡിയയിൽ ധാരാളം സമയം ചിലവഴിക്കുന്നുണ്ട്. അവിടെ ദൈവത്തെ അന്വേഷിക്കുന്ന ആളുകളുണ്ട്, അതിനാൽ നമ്മൾ അവിടെ സന്നിഹിതരായിരിക്കണം. അങ്ങനെ ഉപഭോക്താവിനെ സ്‌ക്രീനിൽ നിന്ന് അൾത്താരയിലേക്ക് മാറ്റണം എന്നും യുവ പുരോഹിതൻ പറയുന്നു.

മൂന്ന് വർഷം മുമ്പ് ഡിജിറ്റൽ മിഷനറി എന്ന വാക്ക് പോലും നിലവിലില്ലായിരുന്നു. ഇന്ന് ലോകമെമ്പാടും മൂവായിരത്തിലധികം ഡിജിറ്റൽ മിഷനറിമാരുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലെ സാന്നിധ്യം അടിയന്തിരവും അനിവാര്യവുമാണ്. കാരണം നിരവധി യുവാക്കൾ ടിക് ടോക്ക് കാണുന്നു. പക്ഷേ ഒരു ദേവാലയത്തിന്റെ പടി കടക്കില്ല. അതിനാൽ അവരുടെ താൽപര്യം ഉണർത്തുന്നതും പള്ളിയിൽ പ്രവേശിക്കാൻ സഹായിക്കുന്നതുമായ ഉള്ളടക്കം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെയും അദേഹം ഊന്നിപ്പറഞ്ഞു.

ഈ സുവിശേഷ ദൗത്യത്തിൽ മുന്നോട്ടു പോകുന്നതിന് തനിക്ക് സഭയുടെയും ബിഷപ്പിന്റെയും പിന്തുണയുണ്ടെന്നും പുരോഹിതൻ പറയുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.