'ഒരു മാസം ഒരു സമാധാനക്കരാര്‍': സമാധാന നൊബേല്‍ ട്രംപിന് കൊടുക്കണം-ശുപാര്‍ശ ചെയ്ത് കംബോഡിയയും; അര്‍ഹനെന്ന് വൈറ്റ് ഹൗസും

'ഒരു മാസം ഒരു സമാധാനക്കരാര്‍': സമാധാന നൊബേല്‍ ട്രംപിന് കൊടുക്കണം-ശുപാര്‍ശ ചെയ്ത് കംബോഡിയയും; അര്‍ഹനെന്ന് വൈറ്റ് ഹൗസും

ബാങ്കോക്ക്: സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് ശുപാര്‍ശ ചെയ്യുമെന്ന് കംബോഡിയ. തായ്ലന്‍ഡുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് നേരിട്ട് നടത്തിയ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് കംബോഡിയന്‍ ഉപപ്രധാനമന്ത്രി സണ്‍ ചന്തോല്‍ പറഞ്ഞു.

അതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത് അടക്കം ലോകമെമ്പാടും ഒട്ടേറെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാന നൊബേല്‍ സമ്മാനം നല്‍കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലെവിറ്റും വ്യക്തമാക്കി. അധികാരമേറ്റ ശേഷം കഴിഞ്ഞ 6 മാസത്തിനിടെ, ഒരു മാസം ഒരു സമാധാനക്കരാര്‍ എന്ന നിലയിലാണ് ട്രംപിന്റെ മധ്യസ്ഥത ഫലം കണ്ടതെന്നും തായ്ലന്‍ഡ്- കംബോഡിയ, ഇറാന്‍-ഇസ്രയേല്‍, റുവാണ്ട-കോംഗോ, ഈജിപ്ത്-എത്യോപ്യ തുടങ്ങിയ സംഘര്‍ഷങ്ങള്‍ ട്രംപ് ഇടപെട്ട് അവസാനിപ്പിച്ചെന്നും കാരലിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.

യു.എസ് മധ്യസ്ഥത വഹിച്ച ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിച്ചതെന്ന് മെയ് 10 ന് സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് ആദ്യം അവകാശപ്പെട്ടത്. മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഇന്ത്യ നിഷേധിച്ചെങ്കിലും യുഎസ് പ്രസിഡന്റ് ഇക്കാര്യം മുപ്പതോളം തവണ ആവര്‍ത്തിച്ച് കഴിഞ്ഞു.
സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ട്രംപിന്റെ പേര് പാക്കിസ്ഥാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളും ശുപാര്‍ശ ചെയ്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനുമായി ഉടലെടുത്ത സംഘര്‍ഷ സാഹചര്യത്തില്‍ ഇടപെട്ടെന്ന് പറഞ്ഞാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ട്രംപ് അര്‍ഹനാണെന്ന് പാക്കിസ്ഥാന്‍ വിശേഷിപ്പിച്ചത്. സമാധാനം കെട്ടിപ്പടുക്കുന്നതില്‍ ട്രംപ് വഹിച്ച വലിയ പങ്കിനെ തുടര്‍ന്നാണ് തീരുമാനമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.