മെൽബൺ മുൻ ബിഷപ്പ് പീറ്റർ എലിയറ്റ് അന്തരിച്ചു

മെൽബൺ മുൻ ബിഷപ്പ് പീറ്റർ എലിയറ്റ് അന്തരിച്ചു

മെൽബൺ: മെൽബൺ മുൻ ബിഷപ്പ് പീറ്റർ എലിയറ്റ് അന്തരിച്ചു. 81 വയസായിരുന്നു. 2007 ഏപ്രിൽ 30ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് മെൽബണിലെ സഹായ മെത്രാനായി പീറ്റർ എലിയറ്റിനെ നിയമിച്ചത്. അതിരൂപതയുടെ ദക്ഷിണ മേഖലയുടെ ഉത്തരവാദിത്തവും നൽകിയിരുന്നു. 2007 ജൂൺ 15-ന് ബിഷപ്പ് പീറ്റർ എലിയറ്റ് മെൽ‌ബണിലെ മെത്രാനായി സ്ഥാനമേറ്റു.

ബിഷപ്പ് എലിയട്ട് 2018-ൽ സജീവ ശുശ്രൂഷയിൽ നിന്ന് വിരമിച്ചെങ്കിലും താൻ വളരെയധികം സ്നേഹിച്ച സഭയെക്കുറിച്ച് എഴുതുകയും പഠിപ്പിക്കുകയും ചെയ്തു. അരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അടുത്തിടെ ബാൽവിനിലെ ജസ്റ്റിൻ വില്ല ഏജ്ഡ് റെസിഡൻഷ്യൽ കെയറിലേക്ക് താമസം മാറിയിരുന്നു.

മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ എ കൊമെൻസോളി ബിഷപ്പ് എലിയറ്റിന്റെ വിശ്വസ്ത സേവനത്തിന് ആദരാഞ്ജലി അർപ്പിച്ചു."ബിഷപ്പ് പീറ്റർ ഒരു വൈദികനും അധ്യാപകനും സുഹൃത്തുമായിരുന്നു, അദേഹത്തിന്റെ ക്രിസ്തുവിനോടും സഭയോടുമുള്ള സ്നേഹം ശുശ്രൂഷയുടെ എല്ലാ തലങ്ങളെയും രൂപപ്പെടുത്തി," ആർച്ച് ബിഷപ്പ് കൊമെൻസോളി പറഞ്ഞു.

"ബൗദ്ധിക ആഴം, ആരാധനാക്രമ സൗന്ദര്യം, അജപാലന ഊഷ്മളത എന്നിവയുടെ അപൂർവ സംയോജനമാണ് അതിരൂപതയിലേക്ക് ബിഷപ്പ് കൊണ്ടുവന്നത്. വിശുദ്ധിയെക്കുറിച്ചുള്ള ആഴമായ ബോധവും സുവിശേഷത്തോടുള്ള അക്ഷീണമായ പ്രതിബദ്ധതയും ബിഷപ്പിന്റെ ജീവിതത്തെ അടയാളപ്പെടുത്തി."- ആർച്ച് ബിഷപ്പ് പറഞ്ഞു. മൃതസംസ്കാര ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു.

1943 ഒക്ടോബർ ഒന്നിന് മെൽബണിലായിരുന്നു ജനനം. സർക്കാർ സ്കൂളുകളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മെൽബൺ ഗ്രാമർ സ്കൂളിൽ (1956–1961) പഠിച്ചു. തുടർന്ന് മെൽബൺ സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് തിയോളജിയിൽ ബിരുദാനന്തര ബിരുദവും നേടി.

1969-ൽ നാട്ടിലേക്ക് മടങ്ങിയ ബിഷപ്പ് പൗരോഹിത്യ ശുശ്രൂഷയ്ക്കായി തയ്യാറെടുക്കുന്നതിനായി ഗ്ലെൻ വേവർലിയിലെ കോർപ്പസ് ക്രിസ്റ്റി കോളജിൽ ചേർന്നു. മെൽബണിൽ നടന്ന നാൽപ്പതാമത് അന്താരാഷ്ട്ര യൂക്കറിസ്റ്റിക് കോൺഗ്രസിൽ 1973 ഫെബ്രുവരി 19 ന് ബാൾട്ടിമോർ ആർച്ച് ബിഷപ്പും പേപ്പൽ ഡെലഗേറ്റുമായ ലോറൻസ് കർദിനാൾ ഷെഹാനിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.