ലെവിറ്റേറ്റ് ഗ്രൂപ്പ് വീണ്ടും മഹാഓണം സംഘടിപ്പിക്കുന്നു. ഘോഷയാത്രയിൽ പങ്കെടുക്കാം, 1001 ഡോളറും സമ്മാനമായി നേടാം

ലെവിറ്റേറ്റ് ഗ്രൂപ്പ് വീണ്ടും മഹാഓണം സംഘടിപ്പിക്കുന്നു. ഘോഷയാത്രയിൽ പങ്കെടുക്കാം, 1001 ഡോളറും സമ്മാനമായി നേടാം

ടൊറന്റോ: വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ആഘോഷങ്ങളിലൊന്നായി മാറിയ ലെവിറ്റേറ്റ് മഹാഓണത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. യങ് ആൻഡ് ഡണ്ടാസിലെ സാങ്കൊഫ സ്ക്വയറിൽ സെപ്റ്റംബർ ഏഴ് ഞായറാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 11 വരെയാണ് ഇത്തവണത്തെ മഹാഓണം.
കലാ-സാംസ്കാരിക പരിപാടികൾക്കായി ടൊറന്റോ നഗരം ഒരുക്കിയിട്ടുള്ള യങ്-ഡണ്ടാസ് സ്ക്വയറിൽ കഴിഞ്ഞവർഷം നടന്ന ഏറ്റവും വലിയ രണ്ടാമത്തെ പരിപാടിയായിരുന്നു മഹാഓണമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ആഹ്ളാദത്തിൽക്കൂടിയാണ് സംഘാടകർ. അതുകൊണ്ടുകൂടിയാകണം പരിപാടിയുടെ മെച്ചപ്പെട്ട ഒരുക്കങ്ങൾക്കും സുരക്ഷാക്രമീകരണങ്ങൾക്കുമായി ഇക്കുറി ടൊറന്റോ സിറ്റിയുടെ ഗ്രാൻഡും ലഭ്യമായിട്ടുണ്ട്.
കേരളത്തിൽനിന്നുള്ള ‘കൊമ്പൻ’ ആണ് ഇത്തവണത്തെ ആകർഷണം. ഇതിനുപുറമെ, മലയാളി കൂട്ടായ്മകൾക്കായി ഒരുക്കുന്ന സാംസ്കാരിക ഘോഷയാത്രയും മഹാഓണത്തിന് വ്യത്യസ്തത പകരും. ഇതാദ്യമായാണ് ഇവിടെ മലയാളി സംഘടനകൾക്കു ക്ളബുകൾക്കു കൂട്ടായ്മകൾക്കുമെല്ലാമായി ഘോഷയാത്ര ഒരുക്കുന്നത്. കാനഡയിലേക്ക് എത്തുന്ന രാജ്യാന്തരവിദ്യാർഥികളെയും നവകുടിയേറ്റക്കാരെയും ഇവിടങ്ങളിലെ മലയാളിക്കൂട്ടായ്മകളുമായി കോർത്തിണക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു. ഏറ്റവും മികച്ച രീതിയിൽ ഘോഷയാത്രയിൽ പങ്കെടുക്കുന്ന ടീമുകളിലൊന്നിന് 1001 ഡോളർ പ്രോൽസാഹനവും നൽകുമെന്നും വ്യക്തമാക്കി. ടീമുകൾ പൊതുസമ്മേളനത്തിന് തൊട്ടുമുൻപായി വേദിയിൽ കയറിയാകും ഘോഷയാത്ര അവസാനിപ്പിക്കുക.
പന്ത്രണ്ട് മണിക്കൂർ നീളുന്ന ആഘോഷത്തിൽ നാൽപതിലേറെ സംഘങ്ങളാണ് കലാ-സാംസ്കാരിക-നൃത്ത-സംഗീത പരിപാടികൾ അവതരിപ്പിക്കുന്നത്. കലാസംഘത്തിൽ ഒന്റാരിയോ പ്രവിശ്യയ്ക്ക് പുറത്തുനിന്ന് മാത്രമല്ല, അമേരിക്കയിൽനിന്നുള്ളവരും ഉൾപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട് ഇക്കുറി. പ്രതീക്ഷിച്ചതിലുമേറെ അപേക്ഷകൾ ലഭിച്ചതിനാൽ പ്രമുഖ സിനിമാ സംവിധായകൻ കെ. മധുവിന്റെ നേതൃത്വത്തിലാണ് ഇത്തവണ പ്രകടനങ്ങൾ വിഡിയോയിലൂടെയും മറ്റു വിലയിരുത്തി കലാസംഘങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചത്. പുതിയ സംഘങ്ങൾക്ക് അവസരം നൽകുന്നതിനും ഇതിലൂടെ വഴിയൊരുങ്ങി. കഴിഞ്ഞതവണ കെ. മധു മഹാഓണം വേദിയിൽ നേരിട്ടെത്തി പരിപാടികൾ ആസ്വദിക്കുകയും സംഘാടനമികവിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.
കേരളത്തിന്റെ സാംസ്കാരികപൈതൃകം കനേഡിയൻ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മഹാഓണം പരിപാടി തികഞ്ഞ അച്ചടക്കത്തിൽ ആസൂത്രണം ചെയ്തത്. അതു ശരിവയ്ക്കുന്നതായി ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തതിലൂടെ. രാജ്യാന്തര വിദ്യാർഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവർക്കു വേദിയൊരുക്കുന്നതിനും മഹാഓണം വഴിയൊരുക്കി. നൂറിലേറെ ചെണ്ടകലാകാരന്മാരാണ് മഹാഓണത്തിന് പൂരത്തിന്റെകൂടി പെരുമപകരാൻ അണിനിരക്കുക. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ആസ്വദിക്കാൻ പാകത്തിന് ഒട്ടേറെ കേരളീയ കലാരൂപങ്ങളും ഫ്ളാഷ് മോബും ഡിജെയുമെല്ലാമുണ്ടാകും. വിവിധയിനം ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളുമുണ്ടാകും.
ജെറിൻ രാജ്, മരിയ നികിത, ഫറാസ് മുഹമ്മദ്, ആൻസി ഏബ്രഹാം, അലീന തോമസ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. പത്തോളം ടീം ലീഡുകളും നൂറിലേറെ വളന്റിയർമാരും ഒപ്പമുണ്ട്. മഹാഓണത്തിന്റെ പ്രായോജകരായി ലെംഫൈ മണി ട്രാൻസ്ഫർ, ഗ്രീസ് മല്ലു, റിയൽറ്റർ ജെഫിൻ വാലയിൽ ജോസഫ്, കോസ്കോ, എൽട്രോണോ, മൊണാക്കോ ബിൽഡേഴ്സ്, യോക് ഇമിഗ്രേഷൻ, മീ സ്മൈൽസ്, ഗോൾഡ് മാക്സ്, ലിസ, റോയൽ കേരള ഫുഡ്സ്, എൻഡി പ്രഫഷനൽസ്, സെന്റ് ജോസഫ്സ് ഡെന്റൽ ക്ളിനിക്, കൊക്കാടൻസ് ഗ്രൂപ്പ് തുടങ്ങിയവർ ഒപ്പം ചേർന്നിട്ടുണ്ട്.
ഡിജിറ്റൽ ഡിസ്പ്ളേകളാൽ സമ്പന്നമായ യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: www.mahaonam.ca, 647-781-4743




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.