ബീജിങ്: ‘അവയവം മാറ്റിവയ്ക്കലും അമര്‍ത്യതയും’ ചര്‍ച്ച ചെയ്ത് വ്‌ളാഡിമിര്‍ പുടിനും ഷി ജിന്‍പിങും. ബിജിങിൽ നടന്ന സൈനിക പരേഡിനിടയിലായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെയും ചൈനീസ് പ്രസിഡന്റിന്റെയും ‘രഹസ്യ ചര്‍ച്ച. പക്ഷേ ഇരുവരുടെയും സംസാരം മൈക്കില്‍ പതിഞ്ഞിരുന്നു. വൈദ്യ ശാസ്ത്രത്തിന്റെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതില്‍ പ്രത്യേകിച്ച് മനുഷ്യന്റെ ആയുസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു നേതാക്കള്‍ക്കുമുള്ള താല്‍പ്പര്യമാണ് ഈ സംഭാഷണം എടുത്തുകാണിക്കുന്നതെന്നാണ് വിദഗ്ധര്‍ വിശകലനം ചെയ്യുന്നത്.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആയുസ് വര്‍ധിപ്പിക്കുമെന്ന ആശയത്തില്‍ ആകൃഷ്ടരാണ് പുടിനും ഷിയും എന്നതാണ് അവര്‍ക്കിടയില്‍ ഉണ്ടായ ഈ സംഭാഷണം സൂചിപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഇരുവരും ചര്‍ച്ച ചെയ്ത കാര്യം തികച്ചും അനൗപചാരികം മാത്രമാണെന്നാണ് വിവരം. ഈ വിഷയത്തിലുള്ള ഔദ്യോഗിക നിലപാടുകളോ നയങ്ങളോ അല്ല അവര്‍ പറഞ്ഞത്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന വമ്പിച്ച സൈനിക പരേഡിന് മുന്നോടിയായി സെപ്റ്റംബര്‍ രണ്ടിനാണ് പുടിന്‍ ബീജിങിൽ എത്തിയത്. പുടിനും ഷിയും നടക്കുന്നതിനിടയിലാണ് ഇവരുടെ സ്വകാര്യ സംഭാഷണം ഉണ്ടാകുന്നത്. ഇതിന്റെ തത്സമയ ദൃശ്യങ്ങള്‍ ചൈനീസ് ദേശീയ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.
ടിയാനന്‍മെന്‍ സ്‌ക്വയറില്‍ സജ്ജീകരിച്ച വേദിയിലേക്ക് നടക്കുകയായിരുന്നു ഇരു നേതാക്കളും. ഇതിനിടയില്‍ പുടിന്റെ ചൈനീസ് പരിഭാഷകന്‍ ‘ബയോടെക്നോളജി തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു’ എന്ന് പറയുന്നതും മൈക്കില്‍ കേള്‍ക്കാമായിരുന്നു. അത് കഴിഞ്ഞ് എന്താണ് സംസാരിച്ചതെന്നു കേള്‍ക്കാന്‍ കഴിയുന്നില്ല. വീണ്ടും വ്യാഖ്യാതാവിന്റെ ശബ്ദം; ”മനുഷ്യാവയവങ്ങള്‍ തുടര്‍ച്ചയായി മാറ്റിവയ്ക്കാന്‍ കഴിയും. നിങ്ങള്‍ എത്രത്തോളം ജീവിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ പ്രായം കുറഞ്ഞവനായിത്തീരും നിങ്ങള്‍ക്ക് അമര്‍ത്യത കൈവരിക്കാന്‍ പോലും കഴിയും.”
പിന്നീട് ഷിയുടെ ശബ്ദം കേള്‍ക്കാം. കാമറയില്‍ ഷിയെ ഈ സമയം കാണാനാകില്ല. ചൈനീസ് പ്രസിഡന്റ് പറയുന്നത് ഇതാണ്; ‘ഈ നൂറ്റാണ്ടില്‍ മനുഷ്യര്‍ 150 വര്‍ഷം വരെ ജീവിച്ചിരിക്കുമെന്ന് ചിലര്‍ പ്രവചിക്കുന്നു.’ മനുഷ്യന്റെ ആയുര്‍ ദൈര്‍ഘ്യം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച ചെയ്തതായി പുടിന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു.
ഷിയും പുടിനും അവരുടെ ജീവിതകാലം മുഴുവന്‍ അധികാരത്തില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്ന നേതാക്കളാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. 2018-ലാണ് പ്രസിഡന്റ് കാലാവധിയുടെ പരിധികള്‍ നിര്‍ത്തലാക്കി ഷി ഉത്തരവ് കൊണ്ടു വരുന്നത്. ഇത് അദേഹത്തിന് അനിശ്ചിതകാലത്തോളം ഭരിക്കാനുള്ള വഴിയൊരുക്കിയിരിക്കുകയാണ്.
സമാനമാണ് റഷ്യയിലെയും സ്ഥിതി. തന്റെ കസേര ഉറപ്പിക്കാനുള്ള നിയമങ്ങള്‍ പുടിനും നടപ്പിലാക്കിയിട്ടുണ്ട്. പുടിന്‍ ഉള്‍പ്പെടെയുള്ള റഷ്യയിലെ ഉന്നത നേതാക്കള്‍ ദീര്‍ഘായുസിനായി ശാസ്ത്രത്തെ എങ്ങനെ ഉപയോഗിക്കാമെന്ന ആലോചനയിലാണെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ എഴുതുന്നുണ്ട്. വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിനായി ന്യൂ ഹെല്‍ത്ത് പ്രിസര്‍വേഷന്‍ ടെക്‌നോളജീസ് എന്ന പേരില്‍ ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ 2024 ല്‍ പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നതായി മാധ്യങ്ങള്‍ പറയുന്നു.
പുടിനും ഷിക്കുമൊപ്പം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്-ഉന്നും ഉണ്ടായിരുന്നു. ഉന്‍ ഇരുവരെയും നോക്കി പുഞ്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ അവരുടെ സംഭാഷണം അദേഹത്തിന് വിവര്‍ത്തനം ചെയ്തു കൊടുത്തോ എന്ന് സ്ഥിരീകരണം ഇല്ലാത്തതുകൊണ്ട് പുടിനും ഷിയും പറഞ്ഞതു കേട്ടിട്ടാണോ ഉന്‍ ചിരിച്ചതെന്ന കാര്യം അറിയില്ല.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.