ന്യൂഡല്‍ഹി: കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ സിസി ടിവികളുടെ അഭാവം ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകളില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍. ഇത് സംബന്ധിച്ച് കോടതി സ്വമേധയാ കേസെടുത്തു.
കഴിഞ്ഞ എട്ട് മാസത്തിനിടെ പൊലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചുവെന്ന ദൈനിക് ഭാസ്‌കര്‍ പത്രത്തിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണനയ്ക്കെടുത്തത്.
'ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, 2025 ല്‍ കഴിഞ്ഞ ഏഴെട്ട് മാസത്തിനുള്ളില്‍ പൊലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍, 'പൊലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തനക്ഷമമായ സിസി ടിവികളുടെ അഭാവം' എന്ന തലക്കെട്ടില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സ്വമേധയാ എടുക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു'- കോടതി ഉത്തരവില്‍ പറഞ്ഞു.
2020 ല്‍ പൊലീസ് സ്റ്റേഷനുകളില്‍ സിസി ടിവികള്‍ സ്ഥാപിക്കുന്നത് സുപ്രീം കോടതി നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്തുടനീളമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും രാത്രി കാഴ്ച ക്യാമറകളുള്ള സിസിടിവി സ്ഥാപിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടുമാണ് കോടതി ഉത്തരവിട്ടിരുന്നത്.
കൂടാതെ സിബിഐ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസി ടിവി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് പലയിടത്തും നടപ്പായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കോടതി സ്വമേധയാ കേസെടുത്ത് വിഷയത്തിലിടപെട്ടിരിക്കുന്നത്,
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ രണ്ടര വര്‍ഷത്തിന് ശേഷം പുറത്ത് വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടലെന്നതും ശ്രദ്ധേയമാണ്.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി.എസ്. സുജിത്ത് (27) 2023 ഏപ്രില്‍ അഞ്ചിന് രാത്രി കുന്നംകുളം പോലീസിന്റെ ക്രൂര മര്‍ദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.