പൂവേ പൊലി പൂവേ പൊലി… കള്ളവും ചതിയുമില്ലാത്ത നല്ല നാടിന്റെ ഓർമ്മ; മലയാളികൾക്ക് ഇന്ന് തിരുവോണം

പൂവേ പൊലി പൂവേ പൊലി… കള്ളവും ചതിയുമില്ലാത്ത നല്ല നാടിന്റെ ഓർമ്മ; മലയാളികൾക്ക് ഇന്ന് തിരുവോണം

കൊച്ചി: കള്ളവും ചതിയുമില്ലാത്ത ഒരു നല്ല നാടിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും ഐശ്വര്യത്തിൻ്റെയും നല്ലൊരു ദിവസമാണ് മലയാളികൾക്ക് തിരുവോണം. മതവും ജാതിയുമില്ലാതെ ഏവരും ഒരുപോലെ കൊണ്ടാടുന്ന സുദിനം. പൂക്കളവും പുത്തൻ കോടിയും ഓണസദ്യയും ഓണക്കളികളും എന്നിങ്ങനെ ആഘോഷത്തിൻ്റെ മാത്രം ദിവസമാണ് ഇന്ന്.

വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റ് ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസമാണ് ഇന്ന്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, കുടുംബാംഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്‍റെ നിറസ്മരണകളും സന്തോഷവും പങ്കുവയ്ക്കും.

വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ച് നാമെല്ലാം കേട്ടിരിക്കുന്ന ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.

ഓണക്കാലത്തോടനുബന്ധിച്ച് പലതരത്തിലുള്ള വിനോദങ്ങളിലും കേരളീയർ ഏര്‍പ്പെടാറുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അത്തം, വള്ളം കളി, പുലിക്കളി, തിരുവാതിരക്കളി, കൈകൊട്ടികളി ഇവയൊക്കെ അതിൽ ഉൾപ്പെടും. വഞ്ചിയില്‍ പാട്ടും പാടി തുഴഞ്ഞുകൊണ്ട് മത്സരത്തില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്നതാണ് വള്ളം കളി. കേരളത്തിലെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഈ വിനോദത്തിന് പ്രാധാന്യം. പുലിയുടെ വേഷം കെട്ടിയുള്ള കളിയാണ് തൃശൂരിന്റെ 'പുലിക്കളി'. നല്ല മെയ്‌വഴക്കവും ബലവുമുള്ള പുരുഷന്മാരാണ് പുലിവേഷം കെട്ടുന്നത്. ഇതിനെ കടുവകളി എന്നും പറയാറുണ്ട്.

ഏറ്റവും പ്രധാന ആകര്‍ഷണം എന്നുപറയുന്നത് ഓണ സദ്യ തന്നെയാണ്. നാക്കിലയിലാണ് പൊതുവെ ഓണ സദ്യ വിളമ്പാറ്. അച്ചാറുകൾ, തോരൻ അവിയൽ, കാളൻ, ഓലൻ, എരിശേരി, പപ്പടം, പായസം എന്നിങ്ങനെ വിവിധ തരം വിഭവങ്ങൾ അടങ്ങിയതാണ് ഓണസദ്യ. ചിങ്ങ മാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.