യൂത്ത് കോണ്‍ഗ്രസ് നേതാവിന് കസ്റ്റഡി മര്‍ദനം: പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി; സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

യൂത്ത് കോണ്‍ഗ്രസ് നേതാവിന് കസ്റ്റഡി മര്‍ദനം:  പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി;  സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ നടപടി പുനപരിശോധിക്കാന്‍ നിര്‍ദേശിച്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി.

നാല് പോലീസുകാരെ സസ്പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തു. തൃശൂര്‍ റേഞ്ച് ഡിഐജി എസ്. ഹരി ശങ്കറാണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണയ്ക്ക് ശുപാര്‍ശ നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി.എസ്. സുജിത്ത് (27) 2023 ഏപ്രില്‍ അഞ്ചിന് രാത്രി കുന്നംകുളം പൊലീസിന്റെ ക്രൂര മര്‍ദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും സംഭവം കോടതിയുടെ പരിഗണനയിലേക്കെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ പുനഃപരിശോധിക്കാനുള്ള ശുപാര്‍ശ.

കുന്നംകുളം എസ്‌ഐ നുഹ്‌മാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിപിഒമാരായ സന്ദീപ്, സജീവന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് ശുപാര്‍ശയുള്ളത്. ഇവര്‍ക്കെതിരെ നേരത്തെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു.

എന്നാല്‍ ഇന്‍ക്രിമെന്റ് തടഞ്ഞ് വെച്ചതടക്കമുള്ള ചെറിയ നടപടികളാണ് മാത്രമാണ് പോലീസുകാര്‍ക്കെതിരെ ഉണ്ടായതെന്ന ആക്ഷേപം ശക്തമാണ്. 2023 ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേങ്ങള്‍കൂടി അരങ്ങേറുന്ന സാഹചര്യത്തിലാണ് ഡിജിപി റിപ്പോര്‍ട്ട് തേടിയത്.

അടിവസ്ത്രം മാത്രം ധരിച്ച് സുജിത്തിനെ പോലീസ് ജീപ്പില്‍ നിന്ന് ഇറക്കുന്നതു മുതല്‍ സ്റ്റേഷനുള്ളില്‍ അര്‍ധ നഗ്നനായി നിര്‍ത്തി പലതവണ ചെവിടത്തടിക്കുന്നതിന്റെയും കുനിച്ചു നിര്‍ത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടംകൂടി പൊലീസ് ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

മര്‍ദനത്തെ തുടര്‍ന്ന് സുജിത്തിന്റെ കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മിഷന്‍ അംഗം സോണിച്ചന്‍ ജോസഫിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കൈമാറിയത്.

പൊലീസ് സ്റ്റേഷനിലും അസി. കമ്മിഷണര്‍ ഓഫീസിലും കമ്മിഷണര്‍ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും അനുകൂലമറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.