കിടപ്പാടം സംരക്ഷണ ബില്‍, വന്യജീവി സംരക്ഷണ ഭേദഗതി ബില്‍: കരടിന് അംഗീകാരം നല്‍കി മന്ത്രിസഭാ യോഗം

കിടപ്പാടം സംരക്ഷണ ബില്‍, വന്യജീവി സംരക്ഷണ ഭേദഗതി ബില്‍:  കരടിന് അംഗീകാരം നല്‍കി മന്ത്രിസഭാ യോഗം

തിരുവനന്തപുരം: 'കേരള ഏക കിടപ്പാടം സംരക്ഷണ ബില്‍ 2025' ന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ ( മനപ്പൂര്‍വമായി വീഴ്ച വരുത്താത്ത ) തിരിച്ചടവ് മുടങ്ങിയെന്ന് നിര്‍ദിഷ്ട സമിതികള്‍ കണ്ടെത്തിയ കേസുകളില്‍ അവരുടെ ഏക പാര്‍പ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോള്‍ പാര്‍പ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്.

പ്രതിവര്‍ഷം മൂന്നുലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവര്‍ക്കും ആകെ വായ്പാ തുക അഞ്ച് ലക്ഷം രൂപയും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം രൂപയും കവിയാത്ത കേസുകള്‍ക്കുമാണ് കര്‍ശന ഉപാധികളോടെ നിയമ പരിരക്ഷ ലഭിക്കുക.

2025 ലെ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ബില്ല്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര നിയമത്തില്‍ ഇത്തരമൊരു ഭേദഗതി കൊണ്ടു വരുന്നത്.

1961 ലെ കേരള വന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള 2025 ലെ കേരള വന ഭേദഗതി ബില്ലിന്റെ കരടിനും അംഗീകാരം നല്‍കി. സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങള്‍ വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തി അതിന്റെ വില കര്‍ഷകന് ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ഭേദഗതി, 2025 ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി കരട് ബില്‍ എന്നിവയും അംഗീകരിച്ചു. കേരള മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി കരട് ബില്‍, കേരള പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി കരട് ബില്‍, 2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവല്‍ക്കരണ ബില്‍ കരടും അംഗീകരിച്ചു.

ക്രമവല്‍ക്കരണം അനുവദിക്കുന്ന ഭൂമിക്ക് നിര്‍ണയിക്കപ്പെട്ട പ്രകാരം പരിധി ഏര്‍പ്പെടുത്തും.കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങള്‍ തുടര്‍ന്നും നടത്തുന്നതിന് ആവശ്യമായ നിയമനിര്‍മാണം നടത്തുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നല്‍കി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.