മിഥുന്‍ മന്‍ഹാസ് ബിസിസിഐ പ്രസിഡന്റ്; ജയേഷ് ജോര്‍ജ് വനിതാ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍

മിഥുന്‍ മന്‍ഹാസ് ബിസിസിഐ പ്രസിഡന്റ്;  ജയേഷ് ജോര്‍ജ് വനിതാ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മിഥുന്‍ മന്‍ഹാസിനെ ബിസിസിഐയുടെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു. റോജര്‍ ബിന്നി പടിയിറങ്ങിയ ഒഴിവിലേക്ക് താല്‍കാലിക പ്രസിഡന്റായെത്തിയ രാജീവ് ശുക്ല വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) പ്രസിഡന്റായ ജയേഷ് ജോര്‍ജിനെ വനിതാ പ്രീമിയര്‍ ലീഗിന്റെ പ്രഥമ ചെയര്‍മാനായി തിരഞ്ഞെടുത്തു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണ രംഗത്ത് ഒരു മലയാളി സുപ്രധാന പദവിയില്‍ എത്തിയെന്ന സവിശേഷതയുമുണ്ട്.

മിഥുന്‍ മന്‍ഹാസ് ബിസിസിഐയുടെ 37-ാമത്തെ പ്രസിഡന്റാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് മിഥുന്‍ മന്‍ഹാസിന്റെ നിയമനം എക്‌സിലൂടെ ഔദ്യോഗികമായി അറിയിച്ചത്.

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, പൂനെ വാരിയേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ മൂന്ന് ഫ്രാഞ്ചൈസികള്‍ക്കായി മന്‍ഹാസ് കളിച്ചിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഒരിക്കലും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അദേഹത്തിന് അവസരം ലഭിച്ചില്ല. 2022 ലെ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചു.

സെലക്ഷന്‍ കമ്മിറ്റിയിലും രണ്ട് പുതിയ സെലക്ടര്‍മാരെ ബിസിസിഐ പ്രഖ്യാപിച്ചു. ആര്‍.പി സിങ്, പ്രഗ്യാന്‍ ഓജ എന്നിവരാണ് പുതുതായി സെലക്ഷന്‍ പാനലില്‍ എത്തിയത്. നിലവിലുള്ള സെലക്ടര്‍മാരായ ശിവ് സുന്ദര്‍ ദാസ്, അജിത് അഗാര്‍ക്കര്‍, അജയ് രാത്ര എന്നിവര്‍ക്കൊപ്പം ഇവരും ഇനി സെലക്ഷന്‍ പാനലിന്റെ ഭാഗമാകും.

റോജര്‍ ബിന്നി ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനങ്ങള്‍ക്ക് കളമൊരുങ്ങിയത്. അദേഹത്തിന് 70 വയസ് തികഞ്ഞതോടെയാണ് രാജി സമര്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.