വര്‍ഷങ്ങളായി കാറ്റും തണുപ്പുമെല്ലാം അതിജീവിച്ചു; ഇതാണ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടു നില്‍ക്കുന്ന മരം

വര്‍ഷങ്ങളായി കാറ്റും തണുപ്പുമെല്ലാം അതിജീവിച്ചു; ഇതാണ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടു നില്‍ക്കുന്ന മരം

ഒറ്റപ്പെട്ട് നിന്ന് ഒരു ചരിത്രം സൃഷ്ടിക്കാനാകുമോ... മനുഷ്യര്‍ക്ക് ചിലപ്പോള്‍ അസാധ്യമായി തോന്നിയേക്കാം. പക്ഷെ ലോകത്ത് അങ്ങനെ ഒരു ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. അതും ഒരു മരം. 30 അടി പൊക്കമുള്ള സിറ്റ്കാ സ്പ്രൂസ് മരമാണ് വര്‍ഷങ്ങളോളം ഒറ്റപ്പെട്ട് നിന്ന് സ്വന്തം പേരില്‍ ചരിത്രം കുറിച്ചത്.

ന്യൂസിലന്‍ഡിലെ സൗത്ത് അയലന്‍ഡില്‍ നിന്നും ഏകദേശം 500 മൈല്‍ ദൂരെയുള്ള കാംബെല്‍ ദ്വീപിലാണ് ഈ മരം ആഴത്തില്‍ വേരൂന്നി കരുത്തോടെ പിടിച്ചു നില്‍ക്കുന്നത്. മരത്തിന് ചുറ്റും കുറ്റിച്ചെടികള്‍ മാത്രമാണ്. ന്യൂസിലന്‍ഡില്‍ പൊതുവെ അപൂര്‍വ്വമാണ് ഈ മരം. കുറ്റിച്ചെടികള്‍ക്ക് ഇടയില്‍ ഇന്നും ഈ മരം വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു എന്നത് ലോകത്തെ അതിശയിപ്പിക്കുന്നു.

1901-ല്‍ ന്യൂസിലന്‍ഡ് ഗവര്‍ണറായിരുന്ന ലോഡ് റാന്‍ഫര്‍ലി നട്ടതാണ് ഈ മരമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ദേശാടനക്കിളികള്‍ വിത്ത് ഇവിടെ ഇട്ടുപോയതാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. എന്തായാലും വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടു മരം ഇങ്ങനെ ഒറ്റപ്പെട്ടു നില്‍ക്കാന്‍ തുടങ്ങിയിട്ട്. ഈ മരത്തിന് സമാനമായ മറ്റൊരു മരം കണ്ടെത്തണമെങ്കില്‍ ഏകദേശം 137 മൈല്‍ ദൂരം സഞ്ചരിക്കണം. അതായത് ഓക്ക്ലന്‍ഡ് ദ്വീപില്‍ എത്തേണ്ടി വരുമെന്ന് ചുരുക്കം.

പലപ്പോഴും ഈ ഇനത്തില്‍ പെട്ട മരങ്ങളുടെ വളര്‍ച്ചയ്ക്ക് കാറ്റും തണുപ്പുമെല്ലാം പ്രതീകൂലമായാണ് ബാധിക്കാറ്. എന്നാല്‍ വര്‍ഷങ്ങളേറെ പിന്നിട്ടിട്ടും സിറ്റ്കാ സ്പ്രൂസ് കാറ്റിനേയും കൊടിയ തണുപ്പിനേയും എല്ലാം അതിജീവിച്ച് തലയുയര്‍ത്തി നില്‍ക്കുന്നു. ഇതുതന്നെയാണ് ഈ മരത്തെ ഇത്രമേല്‍ ശ്രദ്ധേയമാക്കിയതും.

1973- മുതലാണ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരം എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സിറ്റ്കാ സ്പ്രൂസ് മരം സ്വന്തം പേരിലാക്കിയത്. അതിന് മുമ്പു വരെ തീനീറിയിലെ ഒരു മരത്തിന്റെ പേരിലായിരുന്നു ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട മരം എന്ന ചരിത്രം കുറിക്കപ്പെട്ടിരുന്നത്. ആ മരത്തിന്റെ അടുത്തു നിന്നും ഏകദേശം 250 മൈല്‍ ദൂരെയായിരുന്നു മറ്റൊരു മരം ഉണ്ടായിരുന്നത്. എന്നാല്‍ ഒരു വാഹനം ആ മരത്തിനെ ഇടിച്ചതിനെ തുടര്‍ന്ന് മരം തകര്‍ന്നു. മരത്തിന്റെ ശേഷിപ്പുകള്‍ നൈഗര്‍ നാഷ്ണല്‍ പാര്‍ക്കില്‍ സൂക്ഷിച്ചിരിക്കുന്നു. ആ മരത്തിന്റെ വീഴ്ചയോടെ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരം എന്ന റെക്കോര്‍ഡ് സിറ്റ്കാ സ്പ്രൂസ് സ്വന്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.