മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് കുറ്റപത്രം; ഉടന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജി; മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍

മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് കുറ്റപത്രം; ഉടന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജി; മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഇന്ന് രാവിലെ 11.30 ന് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് പാര്‍ട്ടി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലില്‍ നിന്നാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അദേഹം രാജിവച്ചത്.

നോട്ടു നിരോധനം ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കണ്ണന്‍ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രം അദേഹത്തിനെതിരെ കുറ്റപത്രം നല്‍കി. സര്‍ക്കാരിന്റെ പ്രതിച്ഛായ കളയാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചുവെന്നായിരുന്നു കുറ്റപത്രം. പിന്നാലെയാണ് ദാദ്ര നാഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറി പദവി രാജിവച്ചത്.

2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കോട്ടയം കൂരോപ്പട സ്വദേശിയായ കണ്ണന്‍. രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന സിഐഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും മറ്റ് ജനകീയ സമരങ്ങളിലും കണ്ണന്‍ സജീവമായിരുന്നു.

രാജ്യത്തെ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഒപ്പംനില്‍ക്കുകയും നീതിക്കും ഐക്യത്തിനും വേണ്ടി എപ്പോഴും പോരാടിയ ധീരനായ ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍ എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ കണ്ണന്റെ പ്രതികരണം. ഇത് പൗരന്മാരുടെ പാര്‍ട്ടിയാണ്. എന്നാല്‍ പൗരന്മാരില്‍ നിന്ന് പ്രജകളിലേയ്ക്കുള്ള യാത്രയാണ് ഇപ്പോള്‍ നടക്കുന്നത്. തിരിച്ച് പൗരന്മാരിലേയ്ക്കുള്ള യാത്രയാണ് ലക്ഷ്യം. എന്താണ് തന്റെ റോള്‍ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിക്കുന്നതിന് മുന്‍പ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും കണ്ണന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.