ആകെ ആശയക്കുഴപ്പവും അങ്കലാപ്പും; ബിഹാറില്‍ എന്‍ഡിഎയുടെ പരാജയം ഉറപ്പെന്ന് പ്രശാന്ത് കിഷോര്‍

ആകെ ആശയക്കുഴപ്പവും അങ്കലാപ്പും; ബിഹാറില്‍ എന്‍ഡിഎയുടെ പരാജയം ഉറപ്പെന്ന് പ്രശാന്ത് കിഷോര്‍

പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പരാജയം ഉറപ്പാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോര്‍.

ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും (ജെഡിയു) നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ ആകെ ആശയക്കുഴപ്പവും അങ്കലാപ്പുമാണെന്ന് അദേഹം പറഞ്ഞു. 243 അംഗ സഭയില്‍ ജനതാദള്‍ (യു) 25 സീറ്റിലെങ്കിലും ജയിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് പ്രശാന്ത് കിഷോര്‍ വിശദീകരിക്കുന്നത്.

ബിഹാറില്‍ എന്‍ഡിഎ അധികാരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലാണ്. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിരിച്ചെത്തില്ല. ജെഡിയുവിനെ കാത്തിരിക്കുന്ന വിധിയെന്തെന്നറിയാന്‍ തിരഞ്ഞെടുപ്പ് പണ്ഡിതനൊന്നും ആവേണ്ടതില്ലെന്ന് ഒരു കാലത്ത് നിതീഷിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്ന പ്രശാന്ത് പറയുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചിരാഗ് പാസ്വാന്‍ മുന്നണിയില്‍ കലാപത്തിനിറങ്ങി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. അവരില്‍ മിക്കവരും ഒട്ടും പ്രാപ്തരായ ആളുകളായിരുന്നില്ല.

ജെഡിയു മത്സരിക്കുന്ന ഇടങ്ങളിലാണ് ചിരാഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എന്‍ഡിഎയില്‍ ജെഡിയുവും ബിജെപിയും ഏത് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ പോലും ധാരണയായിട്ടില്ലെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.

ബിഹാറില്‍ താന്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലായിരിക്കും താന്‍ ശ്രദ്ധയൂന്നുകയെന്നാണ് അദേഹത്തിന്റെ വിശദീകരണം.

തന്റെ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന പ്രശാന്ത്, 150 സീറ്റില്‍ കുറവാണ് ലഭിക്കുന്നതെങ്കില്‍ അത് പാര്‍ട്ടിയുടെ പരാജയം ആയി കണക്കാക്കുമെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്. നവംബര്‍ ആറിനും 11 നുമായി രണ്ട് ഘട്ടങ്ങളിലാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം നവംബര്‍ 14 ന് അറിയാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.