നൊബേല്‍ ജേതാവ് ജെയിംസ് വാട്‌സന്‍ അന്തരിച്ചു; വിടവാങ്ങിയത് ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍

നൊബേല്‍ ജേതാവ് ജെയിംസ് വാട്‌സന്‍ അന്തരിച്ചു; വിടവാങ്ങിയത് ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍

ന്യൂയോര്‍ക്ക്: ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ച പ്രസിദ്ധ ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര നൊബേല്‍ ജേതാവുമായ ജെയിംസ് വാട്‌സന്‍ അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഈസ്റ്റ് നോര്‍ത്ത്‌പോര്‍ട്ടിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

അണുബാധയെ തുടര്‍ന്നാണ് അദേഹത്തെ ന്യൂയോര്‍ക്കിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ജെയിംസ് വാട്‌സനും ഫ്രാന്‍സിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനും ചേര്‍ന്നാണ് ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ചത്. 20-ാം നൂറ്റാണ്ടിലെ ശാസ്ത്ര ലോകത്തെ നിര്‍ണായക വഴിത്തിരിവായി ഈ കണ്ടുപിടിത്തം മാറി. 1962 ലാണ് ഇരുവരേയും തേടി വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനമെത്തിയത്.

ചിക്കാഗോയിലാണ് അദേഹം ജനിച്ചത്. വാട്‌സന്റെ 24-മത്തെ വയസിലായിരുന്നു നിര്‍ണായക കണ്ടുപിടിത്തം. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയ വഴി വെട്ടിത്തുറന്ന കണ്ടുപിടിത്തത്തിലൂടെ വാട്‌സന്‍ ശാസ്ത്ര ലോകത്ത് ആദരണീയനായി മാറി. ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തി അദേഹം വിവാദത്തിലുമായിരുന്നു. വെളുത്ത വര്‍ഗക്കാരേക്കാള്‍ ബുദ്ധി കുറവാണ് കറുത്ത വര്‍ഗക്കാര്‍ക്കെന്നായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.

ജീവികളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്തുക, രോഗികള്‍ക്ക് ജീനുകള്‍ നല്‍കി ചികിത്സിക്കുക, ഡിഎന്‍എ സാംപിളുകളില്‍ നിന്നു മൃതദേഹങ്ങളേയും പ്രതികളേയും തിരിച്ചറിയുക, കുടുംബ വംശാവലി കണ്ടെത്തുക തുടങ്ങി നിര്‍ണായകമായ ഒട്ടേറെ മേഖലകളിലേക്ക് വെളിച്ചം വീശാന്‍ പര്യാപ്തമായിരുന്നു ഇരുവരുടേയും കണ്ടെത്തല്‍.

ശാസ്ത്ര ലോകത്തും സമൂഹത്തിലും ഈ കണ്ടെത്തല്‍ വലിയ ചലനമുണ്ടാക്കുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മനുഷ്യ ജീനോം മാപ്പ് ചെയ്യുന്നതിനുള്ള പദ്ധതിക്ക് അദേഹം മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.