വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്: രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക്

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്: രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. നാഷനല്‍ ഗാര്‍ഡ്സ് അംഗങ്ങളായ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവി കാഷ് പട്ടേലും വാഷിങ്ടണ്‍ മേയര്‍ മ്യൂരിയല്‍ ബൗസറും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അക്രമിയെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പരസ്പരം വെടിവെപ്പ് നടന്നതിന് ശേഷം മറ്റ് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. അതേസമയം പ്രതിയുടെയും ഇരകളുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2021 ല്‍ അമേരിക്കയില്‍ എത്തിയ 29 കാരനായ അഫ്ഗാന്‍ പൗരനാണ് അക്രമിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ ഒറ്റയ്ക്കാണ് അക്രമം നടത്തിയതെന്നാണ് വിലയിരുത്തല്‍. വെറ്റ് ഹൗസില്‍ നിന്ന് ഏറെ അകലെയല്ലാതെയുള്ള മെട്രോ സ്റ്റോപ്പിന് സമീപത്തുവച്ചാണ് വെടിവയ്പ് ഉണ്ടായത്. 10 മുതല്‍ 15 തവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ട് സൈനികര്‍ക്കും തലയ്ക്കാണ് വെടിയേറ്റത്.

പരിക്കേറ്റ സൈനികരില്‍ ഒരാള്‍ വനിതയാണ്. വെസ്റ്റ് വെര്‍ജീനിയ സ്വദേശികളാണ് ഇരുവരും. വെടിവെപ്പ് നടക്കുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നില്ല. താങ്ക്സ്ഗിവിങിന് മുന്നോടിയായി അദേഹം ഫ്ളോറിഡയിലായിരുന്നു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് കെന്റക്കിയിലുമാണ്.
അതേസമയം വെടിവെപ്പ് ഒരു ഭീകരാക്രമണം എന്ന രീതിയിലാണ് അന്വേഷിക്കുന്നതെന്ന് നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.